16 June, 2026 11:09:26 AM


നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണം താളംതെറ്റി; ഏറ്റുമാനൂർ ശക്തിനഗറിൽ നാട്ടുകാർ നേരിട്ടിറങ്ങി



ഏറ്റുമാനൂർ: നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാതിരുന്നതിനെ തുടർന്ന് നാട്ടുകാർ തന്നെ തൂമ്പയും വെട്ടുകത്തിയുമായി രംഗത്തിറങ്ങി. ഏറ്റുമാനൂർ നഗരസഭയുടെ 35-ാം വാർഡിലെ ശക്തി റോഡിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ഓരോ വാർഡിനും 40,000 രൂപ വീതം അനുവദിച്ചിരുന്നു. 35-ാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടവും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മാത്യു വാക്കത്തുമാലിയും ചേർന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തനപരിധിയിൽ രണ്ട് ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ എത്തി ശക്തി ലെയ്നിലെ ഏതാനും ഭാഗത്ത് പുല്ലു പറിച്ചത് മാത്രമാണ് ആകെ നടന്നത്. മിക്കവാറും പ്രദേശങ്ങളിൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ അംഗങ്ങൾ തന്നെയാണ് അവരുടെ വീടിനു മുന്നിലെ റോഡുകളിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.



ചൊവ്വാഴ്ച രാവിലെ ശക്തി റോഡിന്റെ ഇരുവശങ്ങളിലുമായി വളർന്നുകിടന്ന കാടും പുല്ലും അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എം.എസ്. അപ്പുക്കുട്ടൻ നായരുടെയും അംഗങ്ങളായ ഹരികുമാർ ജി. നായർ, പി.എൻ. ബാബു, പി.ജി. രാധാകൃഷ്ണൻ എന്നിവരുടെയും നേതൃത്വത്തിൽ നാട്ടുകാർ വെട്ടിത്തെളിച്ചു. 

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ, നീണ്ടൂർ, അതിരമ്പുഴ, മഹാത്മാഗാന്ധി സർവകലാശാല  എന്നിവിടങ്ങളിലേക്കുള്ള ഗതാഗതപാതയായ ശക്തി റോഡിന്റെ ഇരുവശങ്ങളിലും ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിരുന്നത് വാഹനഗതാഗതത്തിനും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൂടാതെ, മാലിന്യം തള്ളുന്നവർക്കും ഈ പ്രദേശം സൗകര്യപ്രദമായ കേന്ദ്രമായി മാറിയിരുന്നു. ശുചീകരണ പ്രവർത്തനത്തിനിടെ റോഡരികിൽ തള്ളിയിരുന്ന നിരവധി മാലിന്യങ്ങളും നീക്കം ചെയ്തു.


തങ്ങൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്ത് പൊതുസ്ഥലങ്ങൾ ശുചീകരിക്കേണ്ടതില്ലെന്നും അതിനായി നഗരസഭ 40000 രൂപ വീതം ഓരോ വാർഡിനും അനുവദിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അറിയിച്ചിരുന്നതായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർഡ് കൗൺസിലറുടെ മേൽനോട്ടത്തിൽ പുല്ലുവെട്ട് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നായിരുന്നു അന്ന് നൽകിയ ഉറപ്പ്. എന്നാൽ 35-ാം വാർഡിൽ ഉദ്ഘാടനം ചെയ്ത പദ്ധതി പിന്നീട് കാര്യക്ഷമമായി മുന്നോട്ട് പോയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

എം.സി റോഡ്, ശക്തി റോഡ്, ശക്തി ലെയ്ൻ തുടങ്ങി ഈ വാർഡിൽ ഉൾപ്പെടുന്ന നിരത്തുകളിലും പൊതു ഇടങ്ങളിലുമൊന്നും കാര്യമായ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, സമീപ വാർഡുകളിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതായും പ്രദേശവാസികൾ പറയുന്നു.

കൗൺസിലറുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെങ്കിലും ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ പൊതുസ്ഥലങ്ങൾ സ്വന്തം നിലയിൽ ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.
അസോസിയേഷന്റെ "എന്റെ വീട്, എന്റെ ശുചിത്വം" പദ്ധതിയുടെ ഭാഗമായാണ് വീടുകൾക്കൊപ്പം പരിസര പ്രദേശങ്ങളും റോഡുകളും അംഗങ്ങൾ ശുചീകരിച്ചത്. പൊതുസ്ഥലങ്ങളുടെ സംരക്ഷണത്തിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ പ്രവർത്തനങ്ങളിലൂടെ വീണ്ടും തെളിയിക്കപ്പെട്ടതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടികാട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K