07 May, 2026 12:26:11 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ മഴക്കാലപൂര്‍വശുചീകരണം: ഒരു വാര്‍ഡിന് 40000 രൂപ

ഏറ്റുമാനൂര്‍: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത മുൻനിർത്തി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഈ വര്‍ഷവും തുടക്കം കുറിക്കുന്നു. നിയമസഭാ തിരഞ്ഞെെടുപ്പ് ആയിരുന്നതിനാല്‍ ഈ വര്‍ഷം പ്രവര്‍ത്തനങ്ങള്‍ താമസിച്ചാണ് ആരംഭിക്കുന്നത്.
നഗരസഭാ തലത്തില്‍ ഓരോ വാര്‍ഡിനും 40000 രൂപാ വീതം മാറ്റിവെച്ചിട്ടുണ്ടെന്ന് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ടോമി കുരുവിള പുളിമാന്‍തുണ്ടം പറഞ്ഞു. വാര്‍ഡ് കൌണ്‍സിലര്‍ ചെയര്‍മാനും ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായുള്ള സമിതിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഓരോ വാര്‍ഡിലേയും റസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സംഘടനകളിലെ പ്രതിനിധികളെ കൂടി ചേര്‍ത്തുവേണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്ന് കൌണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ മാത്യു വാക്കത്തുമാലി അറിയിച്ചു.
കൊതുക് വളരാൻ സാധ്യതയുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടയറുകൾ, മറ്റ് പാഴ്വസ്തുക്കൾ എന്നിവ വീട്ടുപരിസരത്ത് നിന്ന് നീക്കം ചെയ്യുക, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ടെറസുകളിലും, ചെടിച്ചട്ടികളിലും, പഴയ ടയറുകളിലും വെള്ളം കെട്ടിനിൽക്കാതെ നോക്കുക തുടങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം. അഴുക്കുചാലുകൾ, ഓടകൾ എന്നിവയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സൗകര്യമൊരുക്കുന്നതും കിണറുകളും പുരയിടങ്ങളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ഭക്ഷണസാധനങ്ങൾ അടച്ചുവെക്കണമെന്നും പഴകിയ ഭക്ഷണം ഒഴിവാക്കണമെന്നും ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. എലിപ്പനി തടയുന്നതിനായി അഴുക്കുവെള്ളത്തിൽ ഇറങ്ങുമ്പോൾ ഗ്ലൗസുകളും ബൂട്ട്‌സുകളും ധരിക്കണം. വാർഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പലയിടത്തും പാലിക്കപ്പെടുന്നില്ലെന്നും ഇത് വന്‍ അഴിമതിയ്ക്ക് കളമൊരുക്കുന്നുണ്ടെന്നും പൊതുവെ പരാതിയുണ്ട്.
ഇതിനിടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ മെയ് 24 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ അംഗങ്ങളും അവരവരുടെ വീടും പരിസരവും സ്വയം ശുചീകരിക്കുകയാണ് പദ്ധതി. ഏറ്റവും നല്ല രീതിയില്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്ന കുടുംബത്തിന് പുരസ്കാരം നല്‍കുന്നതാണെന്ന് അസോസിയേഷന്‍ സെക്രട്ടറി ജി.വിനോദ്കുമാര്‍ പറഞ്ഞു. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 24ന് രാവിലെ 10 മണിക്ക് നഗരസഭാ ചെയര്‍മാന്‍ ടോമി കുരുവിള പുളിമാന്‍തുണ്ടം നിര്‍വഹിക്കും.





