25 June, 2026 12:21:42 PM


സർക്കാർ ആശുപത്രിക്ക് സഹായഹസ്തവുമായി ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ: തെർമോമീറ്റർ കേടായതിനെതുടർന്ന് പനിപരിശോധന അവതാളത്തിലായ സർക്കാർ ആശുപത്രിക്ക് കൈതാങ്ങായി ഏറ്റുമാനൂർ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ. ഏറ്റുമാനൂർ നഗരസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രിയിലാണ് തെർമോമീറ്ററുകളും മാസ്‌കുകളും നൽകി റസിഡൻ്റ്സ് അസോസിയേഷൻ മാതൃക കാട്ടിയത്.

ആശുപത്രിയിലെ തെർമോമീറ്റർ കേടായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയ്ക്കായി എത്തിയ രോഗികളുടെ പനി പരിശോധിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതറിഞ്ഞാണ് അസോസിയേഷൻ സഹായഹസ്തവുമായി രംഗത്തെത്തിയത്. ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ തെർമോമീറ്ററുകളും മാസ്‌കുകളും അസോസിയേഷൻ രക്ഷാധികാരി ദിനേശ് ആർ ഷേണായ് നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. സി സുമിതയ്ക്ക് കൈമാറി.

അസോസിയേഷൻ പ്രസിഡൻ്റ് ബി.സുനിൽകുമാർ, ജോയിൻ്റ് സെക്രട്ടറി എം.എസ്. അപ്പുകുട്ടൻ നായർ, കമ്മറ്റിയംഗം ഹരികുമാർ ജി. നായർ, ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീയുടെ കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. സ്വന്തമായി ഒരു കെട്ടിടമില്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K