13 March, 2026 11:09:07 AM
സാന്ത്വനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ ഏറ്റുമാനൂരിൽ; ഉദ്ഘാടനം 15ന്

ഏറ്റുമാനൂർ: ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി ആരംഭിക്കുന്ന സാന്ത്വനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ മാർച്ച് 15 രാവിലെ 11 മണിക്ക് ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യും. പാലാ റോഡിലുള്ള രാമകൃഷ്ണ ബിൽഡിംഗിലുള്ള സേവാഭാരതി യൂണിറ്റ് ഓഫീസ് കേന്ദ്രമാക്കിയാണ് ഏറ്റുമാനൂരിലെ പ്രവർത്തനം.
ഏറ്റുമാനൂർ സേവാഭാരതി പ്രസിഡന്റ് സോമൻ ഗംഗാധരന്റെ അധ്യക്ഷതയിൽ കോട്ടയം മെഡി.കോളേജ് സാംക്രമികരോഗ വിഭാഗം പ്രൊഫസറും ദേശീയ എയ്ഡ്സ് ചികിത്സാ പരിശീലകനുമായ ഡോ. സജിത്കുമാർ ഉദ്ഘാടനം നിർവഹിക്കും. സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ പദ്ധതി വിശദീകരിക്കും. രാഷ്ട്രീയസ്വയം സേവക സംഘo വൈക്കം സംഘജില്ലാ സംഘചാലക് എം. ജി സോമനാഥ് സേവാ സന്ദേശം നൽകും. സേവാഭാരതി ഏറ്റുമാനൂർ രക്ഷാധികാരി ഡോ. വി. വി. സോമൻ, കോട്ടയം ജില്ലാ പ്രസിഡന്റ്, അഡ്വ. രശ്മി ശരത്, നഗരസഭാ കൗൺസിലർ രശ്മി ശ്യാം എന്നിവർ പ്രസംഗിക്കും.
ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബീഹെവ്യർ തെറാപ്പി, സ്‌പീച്ച് തെറാപ്പി, കൗൺസിലിംഗ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഈ സെന്ററിൽ സൗജന്യമായി ലഭ്യമാണ്. സ്ട്രോക് മൂലം കിടപ്പിലായ യുവാക്കൾ, അപകടങ്ങളാൽ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ, ദിവ്യാംഗർ തുടങ്ങി ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്ക് സൗജന്യ പുനരധിവാസ ചികിത്സ നൽകി അവരെ ജീവിതത്തിൽ വീണ്ടും കരുത്തോടെ മുന്നോട്ടു പോകുവാൻ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലുമുള്ള രോഗികൾക്ക് ഈ സേവനം ലഭ്യമാണെന്ന് സെക്രട്ടറി അനീഷ് മോഹൻ അറിയിച്ചു.





