19 March, 2026 04:26:50 PM


ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല



ഏറ്റുമാനൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തില്‍ വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നടി ലക്ഷ്മിപ്രിയയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് വ്യക്തമായത്.

തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ട്വന്റി ട്വന്റി പ്രമുഖരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. വീണ നായര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ല എന്ന് മനസിലാക്കിയത്. മുന്‍പ് താമസിച്ച ചങ്ങനാശേരിയില്‍ വോട്ട് ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പണ്ട് എപ്പോഴോ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ വീണ നായര്‍ വോട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിശോധിച്ചപ്പോഴാണ് സ്വന്തം സ്ഥലത്തോ മുന്‍പ് താമസിച്ച സ്ഥലത്തോ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തോ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാര്യം നടി വീണ നായര്‍ തിരിച്ചറിഞ്ഞത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ അടക്കം കണ്ട് സംസാരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയക്രമം അവസാനിച്ചിട്ടില്ലെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. നാമനിര്‍ദേശ പത്രികയില്‍ എവിടെയാണ് വോട്ട് ഉള്ളതെന്നും വോട്ടര്‍പട്ടികയിലെ ക്രമനമ്പറും രേഖപ്പെടുത്തേണ്ടതുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ലഭിച്ചാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അധിക ദിവസങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K