05 October, 2026 07:55:27 PM
ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ മത്സര പരിശീലനകേന്ദ്രങ്ങൾ ആധുനികമാക്കും- മന്ത്രി എൻ. ഷംസുദീൻ

കോട്ടയം: യുവജനങ്ങൾക്കായുള്ള ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനികരീതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ 24 സൗജന്യ പരിശീലനകേന്ദ്രങ്ങളാണുള്ളത്. 100 ദിന കർമപരിപാടിയുടെ ഭാഗമായി അഞ്ചു പരിശീലനകേന്ദ്രങ്ങൾ കൂടി തുടങ്ങി. ഇതുകൂടാതെ 17 സബ് സെന്‍ററുകളുമുണ്ട്. ഇവയെല്ലാം നവീകരിക്കും. ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ നാലായിരത്തിലേറെപ്പേർക്ക് പി.എസ്.സി. പരീക്ഷയിലൂടെ ജോലി ലഭിച്ചതായും മന്ത്രി പറഞ്ഞു.
പുതൂർപ്പള്ളി മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ നടന്ന ചടങ്ങിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎ അധ്യക്ഷനായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി, പുതൂർപ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്‍റ് അഡ്വ. ടി.പി. അബ്ദുൽ ഹമീദ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായയ അസീസ് ബഡായിൽ, കെ.എ. ജോസഫ്, മാത്തുക്കൂട്ടി പ്ലാത്താനം, കെ.എസ്. സോമനാഥ്, ബെന്നി സി. ചീരഞ്ചിറ, തോമസുകുട്ടി മനകുന്നേൽ എന്നിവർ പങ്കെടുത്തു.





