03 November, 2026 12:57:27 PM
ചങ്ങനാശേരിയില് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്ത 3 പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ടൗണിലും പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട സംഘത്തെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരിയിലെ ബ്രിസ് ലാൻഡ് ബാറിൽ വച്ച് അക്രമം അഴിച്ചുവിട്ട സംഘം, തുടർന്ന് മുൻസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു.
കടയിലെ സാധനസാമഗ്രികളും ഫോണുകളും അടിച്ചുതകർത്ത സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. അജിത് കുമാർ, സി.പി.ഒ റിജോമോൻ, എന്നിവരെ പ്രതികൾ സംഘടിതമായി ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ സ്റ്റേഷനിലെത്തിയ പ്രതികൾ അവിടെയും അക്രമം തുടരുകയും ഒരു രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. റെയ്നോൾഡ്, സി.പി.ഒ. ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
ഒരു മാസം മുൻപ് പ്രതികൾ മുൻസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളതും പ്രതികളെ ആയുധ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്. ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30-ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ് എന്നിവർ കാപ്പ (KAAPA) നിയമപ്രകാരം പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളവരും,ഊരുവിലക്ക് നേരിട്ടവരുമാണ്.
സംഭവത്തിൽ പൊതുസ്ഥലത്തെ അക്രമം, കട ആക്രമിച്ചു തകർത്തത്, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിച്ചത്, പോലീസ് സ്റ്റേഷനും പൊതുസ്വത്തും നശിപ്പിച്ചത് (PDPP Act) തുടങ്ങി സംഘടിത കുറ്റകൃത്യങ്ങലിലേക്ക് നാല് വെവ്വേറെ കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. അഷാദിൻറെ നേതൃത്വത്തിൽ സി.ഐ. അനിൽ ജോർജ്, എസ്.ഐ. അഖിൽ വിജയകുമാർ, എ.എസ്.ഐ. ആശ, എ.എസ്.ഐ. സെയ്നി സെബാസ്റ്റ്യൻ, എ.സി.പി.ഒ അനീഷ്, സി.പി.ഒ. സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




