10 January, 2017 11:05:04 PM


സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 30 വരെ

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറ് ലക്ഷം രൂപവരെയാണ്.


ഒ.ബി.സി വിഭാഗക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇരുപത് ലക്ഷം രൂപവരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ. മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്ക് ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എഞ്ചിനീയറിങ് വര്‍ക്ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍, സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്‌സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ്, ഹോം സ്റ്റേ, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍ തുടങ്ങിയ ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും.


താത്പര്യമുള്ളവര്‍ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. യോഗ്യരായവരെ അതത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക്‌ഷോപ്പിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ജനുവരി 30.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K