26 May, 2022 02:17:10 PM


ക്രീം ബണ്ണിൽ ക്രീമില്ല: വൈക്കത്ത് കടയുടമയുടെ കൈ തല്ലിയൊടിച്ച് യുവാക്കള്‍



വൈക്കം ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് വെെക്കത്ത് യുവാക്കൾ  ബേക്കറിയുടമയുടെ കൈ തല്ലിയൊടിച്ചതായി പരാതി. സംഘർഷത്തിൽ ബേക്കറിയിൽ ചായകുടിക്കാനെത്തിയ വൃദ്ധൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ചൂടില്ലാത്ത ചായ കൊടുത്തപ്പോൾ അതു കുടിച്ചതിന്‍റെ പേരിലാണ് വൃദ്ധൻ അക്രമത്തിനിരയായത്. തെണ്ണൂറ്റിയഞ്ചുകാരനായ വൃദ്ധനാണ് പരിക്കേറ്റത്. 


വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന ബേക്കറിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണം നടന്നത്. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെടുകയായിരുന്നു. ബൺ നൽകിയപ്പോൾ ക്രീം കുറവാണെന്ന് പറഞ്ഞ് കടയുടമയുമായി യുവാക്കൾ തർക്കത്തിലായി. തർക്കം മൂത്തതോടെ യുവാക്കൾ കടയുടമയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 


കടയുടമയെ മർദ്ദിക്കുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടെ കടയുടമയുടെ ഭാര്യയ്‌ക്കും മക്കൾക്കും മർദ്ദനമേറ്റതായും പരാതി ഉയർന്നിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികൾ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം മറവൻ തുരുത്ത് സ്വദേശികളായ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനത്തിനു ശേഷം പ്രതികൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K