10 June, 2021 03:04:09 PM


പി എസ് സി നിയമനശുപാർശ നൽകിയ എല്ലാ അധ്യാപകരെയും നിയമിക്കും - മുഖ്യമന്ത്രിതിരുവനന്തപുരം:  പി എസ് സി നിയമന ശുപാർശ നൽകിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ നിയമിക്കാനുള്ള നടപടി ആലോചിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥിന്‍റെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


പിഎസ് സി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾ കഴിഞ്ഞ ഒന്നര വർഷമായി പുറത്ത് നിൽക്കുകയാണ്. കോവിഡ് കാരണം സ്കൂളുകൾ തുറക്കാത്തതിനാലാണ് നിയമനം നടത്താത്തത്. ഇതിലാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ ലഭിച്ച എല്ലാവർക്കും അധ്യാപക നിയമനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ വകുപ്പുകളിലും പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെടുന്ന കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്ക് നിര്‍ദ്ദേശം നല്‍കി. നിയമനങ്ങള്‍ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളോ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.


കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്‍റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കും. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K