22 January, 2022 12:26:50 PM
പേരില്‍ ജാതിയുള്ളവര്‍ക്ക് ജോലിയില്ല; പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ കമ്പനി

തിരുവനന്തപുരം: പേരില്‍ ജാതിയുള്ളവര്‍ക്ക് ജോലിയുണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനി സിഇഒ ഡോ. സോഹന്‍ റോയ് ഇക്കാര്യം പറഞ്ഞത്. പുതിയതായി കമ്പനിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് ഈ നിയമം ബാധകമാകും. നിലവിലെ ജോലിക്കാര്‍ക്ക് പേരില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള ചെലവ് കമ്പനി വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം. 138 വര്‍ഷം മുമ്പാണ് കേരളത്തിലെ ജാതി വ്യവസ്ഥ കണ്ട് അദ്ദേഹം ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. അതിന് ശേഷം ഇത്ര വര്‍ഷം കഴിഞ്ഞിട്ടും സമ്പൂര്‍ണ സാക്ഷരത നേടിയിട്ടും മാനസികമായി ജാതീയതയില്‍ നിന്ന് മോചിതമാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പുതിയ തലമുറപോലും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് മനസ്സില്‍ അടിഞ്ഞു കൂടിയ മാലിന്യമാണ്. ഇത് കാണുമ്പോള്‍ സങ്കടമുണ്ട്. 
സ്വയം മാറാനും ചുറ്റുമുള്ളവരെ മാറ്റാനും നമുക്ക് സാധിക്കും. അതിനുള്ള എളിയ പരിശ്രമമാണ് ഏരീസ് ഗ്രൂപ്പ് നടത്തുന്നത്-സോഹന്‍ റോയ് പറഞ്ഞു. നേരത്തെ ജീവനക്കാര്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കുകയും കമ്പനിയില്‍ ആന്‍റി ഡൗറി സെല്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. അതിന് പുറമെ നിരവധി തൊഴിലാളി സൗഹൃദ നടപടികളും കമ്പനിയുടെ നയത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
                    
                                
                                        



