11 December, 2023 08:14:23 PM


എം ജി സര്‍വകലാശാലയിൽ കരാര്‍ അധ്യാപക നിയമനം: അപേക്ഷകൾ ഡിസംബര്‍ 17 വരെ



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ്(ഐ.ഐ.ആര്‍.ബി.എസ്), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസ്(ഐ.എം.പി.എസ്.എസ്) എന്നീ ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളില്‍ കരാര്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  2023 ജൂണ്‍ 15 മുതല്‍ 2024 ഏപ്രില്‍ 15 വരെയുള്ള അക്കാദമിക വര്‍ഷത്തേക്കുള്ള നിയമനം വാര്‍ഷിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാം.

ഐ.ഐ.ആര്‍.ബി.എസില്‍ ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലും ഐ.എം.പി.എസ്.എസില്‍ ഇക്കണോമിക്സ്, മലയാളം എന്നിവയിലുമാണ് നിയമനം. യഥാക്രമം എസ്ഐയുസി. എന്‍, ഒ.ബി.സി, ഡി, പി.എച്ച്(ഒ) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

പ്രായം 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.   കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍നിന്നും വിരമിച്ച 70 വയസില്‍ കവിയാത്തവരെയും പരിഗണിക്കും.

യു.ജി.സി ചട്ട പ്രകാരമുള്ള അടിസ്ഥാന യോഗ്യതകളുണ്ടായിരിക്കണം.  ജെ.ആര്‍.എഫ് അല്ലെങ്കില്‍ പി.എച്ച്.ഡി, പേപ്പര്‍ പബ്ലിക്കേഷന്‍, പ്രസന്‍റേഷന്‍, അധ്യാപന പരിചയം എന്നിവ അഭികാമ്യം.  യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതത് വിഷയങ്ങളില്‍ 55 ശതമാനം(എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 1750 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യത ഇല്ലാത്തവര്‍ക്ക്  പ്രതിദിനം 1600 രൂപയും പ്രതിമാസം പരമാവധി 40000 രൂപയുമായിരിക്കും പ്രതിഫലം. 

അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, അധിക യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്ട്രാര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം - 686 560 എന്ന വിലാസത്തില്‍ തപാലിലോ ada7@mgu.ac.in എന്ന ഇ-മെയില്‍ മുഖേനയോ ഡിസംബര്‍ 17നകം അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K