23 January, 2024 07:47:26 PM


പ്രവാസി കുടുംബം എം.ജി സർവകലാശാലയ്ക്ക് 49 സെന്‍റ് സ്ഥലം സൗജന്യമായി നൽകി



കോട്ടയം: പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വൻ സ്വീകാര്യത നേടിയ യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ മഹാത്മാ ഗാന്ധി സർവകലാശാലയിലെ യൂണിറ്റിന് പ്രവാസി കുടുംബത്തിന്‍റെ പുതുവത്സര സമ്മാനം. യു3എയുടെ പ്രവർത്തനങ്ങൾക്കായി കൈപ്പുഴ മാന്തുരുത്തിൽ  മേരി ബിയാട്രിസ് മോഡിയും സഹോദര ഭാര്യ ആഗ്‌നസും സൗജന്യമായി 49 സെൻറ് സ്ഥലം വിട്ടു നൽകി. 

യു3എയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളിലുടെയും അംഗങ്ങൾ മുഖേനയും മനസിലാക്കിയാണ് ഇവർ സ്ഥലം നൽകുന്നതിന് സന്നദ്ധത അറിയിച്ചത്. കൈപ്പുഴ വില്ലേജ് ഓഫീസിന് സമീപമുള്ള 21 സെൻറ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സർവകലാശാലയ്ക്ക് കൈമാറി ആധാരം എഴുതുകയും ഇതിനു സമീപമുള്ള 28 സെൻറ് സ്ഥലത്തിന്‍റെ കൈമാറ്റത്തിന് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.  

മുതിർന്ന പൗരൻമാരുടെ ജീവിതം ആനന്ദകരവും ക്രിയാത്മകവുമാക്കാൻ ലക്ഷ്യമിടുന്ന യു3എയുടെ എം.ജി സർവകലാശാലയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തിരിച്ചറിഞ്ഞാണ് ഭൂമി നൽകിയതെന്ന് ആഗ്‌നസും ബിയാട്രിസും വ്യക്തമാക്കി. ജീവിതത്തിന്‍റെ മൂന്നാം ഘട്ടം സജീവമാക്കാൻ സഹായിക്കുന്ന സംവിധാനം മാറിയ കാലത്തിന്‍റെ ആവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ആഗ്‌നസ് കാനഡയിലും ബിയാട്രിസ് അമേരിക്കയിലും സ്ഥിരതാമസമാണ്. 

സ്ഥലവും കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പായാൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ യു3എയ്ക്ക് കഴിയുമെന്ന് മേരി ബിയാട്രിസിൻറെ സഹോദരൻ ജോർജ് മാന്തുരുത്തിൽ പറഞ്ഞു. സൗജന്യമായി ലഭിച്ച സ്ഥലത്ത് യു3എയ്ക്കു വേണ്ടി പ്രത്യേക കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർവകലാശാലാ വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ പറഞ്ഞു. 

ഈ കേന്ദ്രത്തിൽ മുതിർന്ന പൗരൻമാരുടെ അറിവും വൈദഗ്ധ്യവും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഉപകരിക്കുന്ന ഗവേഷണത്തിനും പുനരധിവാസ സംവിധാനങ്ങൾക്കും മുൻഗണന നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു3എയുടെ പ്രസക്തി തിരിച്ചറിഞ്ഞ് ഭൂമി വിട്ടുതന്ന ആഗ്‌നസിനെയും ബിയാട്രിസിനെയും വൈസ് ചാൻസലർ അഭിനന്ദിച്ചു. 


യു3എയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കന്ന ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് ഇരുവരെയും ആദരിച്ചു. സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ടോണി തോമസ്, ഡോ. ഗ്രേസമ്മ മാത്യു, ജേക്കബ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗം ലൂയി മേടയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന യു3എ രാജ്യത്താദ്യമായി സർവകലാശാലാ തലത്തിൽ പ്രവർത്തനമാരംഭിച്ചത് മഹാത്മാ ഗാന്ധി സർവകലാശാലയിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ജില്ലകളിലും യൂണിറ്റ് തുടങ്ങിയതിനു പുറമെ കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ യു3എ പഞ്ചായത്തായി പ്രഖ്യാപിക്കുകഗയും ചെയ്തു. എലിക്കുളത്ത് യു3എയുടെ പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 

ശ്രീലങ്കയിലെ കൊളംബോ സർവകലാശാല എംജി സർവകലാശാലാ യു3എയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  സർവകലാശാലയിലെ യു3എയുടെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, ഡോ. കെ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്ത്വത്തിൽ പ്രത്യേക കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K