02 February, 2024 05:49:35 PM


എം.ജിയിലെ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങളുമായി ജൊഹാനസ്ബർഗ് സർവകലാശാല



കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഗവേഷണ പഠനത്തിനും ഇന്റേൺഷിപ്പിനും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവകലാശാലയിൽ കൂടുതൽ അവസരങ്ങൾ. സംയുക്ത ഗവേഷണ പരിപാടിയുടെ ഭാഗമായി ഇവിടെനിന്നുള്ള രണ്ടു പേർ ദക്ഷിണാഫ്രിക്കയിൽ  പി.എച്ച്.ഡി പൂർത്തീകരിച്ചതിനു പിന്നാലെയാണ് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും ബിരുദാനന്തര ബിരുദ ഇന്റേൺഷിപ്പിനും വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്.

 ജൊഹാനസ്ബർഗ് സർവകലാശാലയിലെ പ്രമുഖ ഗവേഷകനായ പ്രഫ. സാമുവൽ ഓലുവതോബി ഓലുവാഫെമി സർവകലാശാലയിലെത്തി  വിദ്യാർഥികളുമായി പ്രാഥമിക മുഖാമുഖം നടത്തി. ഗവേഷണത്തിനായി വിദ്യാർഥികൾ സമർപ്പിക്കുന്ന പ്രൊപ്പോസലുകളുടെ വിലയിരുത്തലിനും അന്തിമ അഭിമുഖത്തിനും ശേഷമായിരിക്കും പ്രവേശനം നൽകുക. 

നാനോ സയൻസ്, തിയറി മോഡലിംഗ് എന്നിവയിലാണ് പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് അവസരം. പ്രഫ. ഓലുവാഫെമിയായിരിക്കും ഗവേഷണത്തിന് മേൽനോട്ടം വഹിക്കുക. സർവകലാശാലയിലെ  സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, ഇന്റർ നാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ്് നാനോ ടെക്‌നോളജി(ഐ.ഐ.യു.സി.എൻ.എൻ) എന്നിവിടങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് രണ്ടാം വർഷ ഇന്റേൺഷിപ്പ് ജൊഹാനസ്ബർഗിൽ ചെയ്യാനാകും.

ഐ.ഐ.യു.സി എൻ.എനിൽ പി.എച്ച്.ഡി ചെയ്യുമ്പോൾ ജൊഹാനസ്ബർഗ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച ഡോ.ജോസ് വർഗീസ്,  ഡോ. വി. രമ്യ എന്നിവർ കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ചിരുന്നു. 

നാനോ ടെക്‌നോളജി ഗവേഷണ മേഖലയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള പ്രഫ.  ഓലുവാഫെമി സെമി കണ്ടക്ടർ നാനോ മെറ്റീരിയലുകളുമായി ബന്ധപ്പെട്ട പഠനമാണ് പ്രധാനമായും നടത്തുന്നത്.  വേൾഡ് സയന്റിസ്റ്റ് റാങ്കിംഗിൽ നാനോസയൻസ്-നാനോ ടെക്‌നോളജി, എൻജിനീയറിംഗ് ആന്റ് ടെക്‌നോളജി മേഖലകളിൽ ദക്ഷിണാഫ്രിക്കയിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കാൻസർ ചികിത്സയിലും നൂതന ഒപ്റ്റിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും എൻവയോൺമെന്റൽ സെൻസിംഗിലും ഏറെ പ്രാധാന്യമുള്ളവയാണ്. 

എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലറും ഐ.ഐ.യു.സി.എൻ.എൻ ഡയറക്ടറുമായ പ്രഫ. സാബു തോമസുമായി ചേർന്ന് 10 പുസ്തകങ്ങളും 21 സംയുക്ത ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ബ്രിക്‌സ് പ്രോജക്ടിന്റെ ഭാഗമായും ഇരുവരും സഹകരിച്ചു പ്രവർത്തിക്കുന്നു. പ്രഫ. സാബു തോമസ് ജൊഹാനസ്ബർഗ് സർവകലാശാലയിൽ വിസിറ്റിംഗ് പ്രഫസറാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K