24 October, 2024 10:11:13 AM
ഏറ്റുമാനൂർ നിവാസികൾക്കായി നിരത്തിലിറങ്ങുന്നു 'ജനകീയം' ഓട്ടോറിക്ഷ
ഏറ്റുമാനൂർ : ഏഴരപൊന്നാനയുടെ നാട്ടിലെ നിരത്തുകളിലൂടെ നാട്ടുകാർക്കായി 'ജനകീയം' ഓട്ടോറിക്ഷയും ഇനി ഓടിതുടങ്ങും. ഏറ്റുമാനൂർ ജനകീയ വികസനസമിതി പ്രസിഡന്റ് ബി രാജീവ് ആണ് ജനങ്ങൾക്ക് വേണ്ടി പുതിയ സംരംഭവുമായി രംഗത്തെത്തുന്നത്. 27ന് രാവിലെ 11 മണിക്ക് ഏറ്റുമാനൂരിൽ നടക്കുന്ന ഓട്ടോ തൊഴിലാളി സംഗമത്തിന്റെ ഭാഗമായി 'ജനകീയം' എന്ന പുതിയ ഓട്ടോയുടെ ഉദ്ഘാടനവും താക്കോൽദാനവും അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
സേവ് ഓട്ടോ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് വിവിധ ട്രേഡ് യൂണിയനുകളിൽ പ്രവർത്തിക്കുന്ന അസംഘടിതരായ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഗമം
27ന് നടക്കുക. രാവിലെ 11 മണിക്ക് ഓട്ടോറിക്ഷകളുടെ റോഡ് ഷോയ്ക്ക് ശേഷം ഉള്ള സംഗമം ഹോട്ടൽ നാഷണൽ പാർക്കിൽ എത്തിച്ചേരും. തുടർന്ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും.
തുടർന്ന് നടക്കുന്ന ബോധവൽക്കരണ ക്ലാസ് കെ സതീഷ് ചന്ദ്രൻ (ജനറൽ മാനേജർ സൂര്യ ബജാജ്) നയിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും സർപ്രൈസ് ഗിഫ്റ്റ് നൽകുമെന്ന് കൺവീനർ അറിയിച്ചു. റോയി ആണ് പുതുതായി ഇറങ്ങുന്ന ജനകീയം ഓട്ടോയുടെ സാരഥി.