07 May, 2025 07:36:43 PM


പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന് എം.ജി. സര്‍വകലാശാല- ജയരാജ് ഫൗണ്ടേഷന്‍ ധാരണ



കോട്ടയം: വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവത്കരണവും  ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമും ജയരാജ് ഫൗണ്ടേഷനും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഫൗണ്ടേഷന്‍ ചെയര്‍മാനായ ചലച്ചിത്ര സംവിധായകന്‍ ജയരാജും ഒപ്പുവച്ചു. 

ധാരണപ്രകാരം സര്‍വകലാശാലയിലെ എല്ലാ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെയും നേതൃത്വത്തില്‍ കാമ്പസുകളില്‍ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും  ബേര്‍ഡ്സ് ഫോറസ്റ്റ് പരിപാടി നടപ്പാക്കുകയും ചെയ്യും. സര്‍വകലാശാലാ എന്‍.എസ്.എസും ഫൗണ്ടേഷനും സംയുക്തമായി രാജ്യാന്തര പരിസ്ഥിതി സൗഹൃദ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും ഷോര്‍ട്ട് ഫിലിം പരിശീലന പരിപാടികള്‍  നടത്തുകയും ചെയ്യും.

എന്‍.എസ്.എസും ജയരാജ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ അവബോധം നല്‍കാന്‍ ഉപകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സെനോ ജോസ്, ഡോ. ടി.വി. സുജ, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K