04 November, 2025 06:48:33 PM


വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂൾ കെട്ടിടം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു



കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ മൂന്ന് ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. പുതിയ കെട്ടിടത്തിന്റെ താക്കോൽദാനവും പദ്ധതിയുടെ കരാറുകാർക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി നിർവഹിച്ചു.

സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അധ്യക്ഷത വഹിച്ചു. ഗാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജീന ജേക്കബ്, എബിസൺ കെ. ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമ മുകുന്ദൻ, പി.കെ. മോഹനൻ, സ്‌കൂൾ പ്രഥമാധ്യാപിക റീന മന്മഥൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഈസ്റ്റ് ബി.പി.സി. സജൻ എസ്. നായർ, പനച്ചിക്കാട് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.ആർ. വിശ്വംഭരൻ നായർ, പനച്ചിക്കാട് റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ അനിൽകുമാർ, എസ്.എം.സി ചെയർമാൻ കെ.ഡി ഷാജിമോൻ, സ്റ്റാഫ് പ്രതിനിധി രഞ്ജിത് സ്‌കറിയ, പി.ടി.എ പ്രസിഡന്റ് ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304