29 May, 2026 08:29:48 PM
കേരളം പത്ത് വർഷത്തിനുള്ളിൽ വയോജനസംസ്ഥാനം ആകും - ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ
-'ബാറ്റൺ ഓഫ് ചേഞ്ച്' പ്രയാണത്തിന് ഏറ്റുമാനൂർ ശക്തിനഗറിൽ സ്വീകരണം

ഏറ്റുമാനൂർ: പത്ത് വർഷത്തിനകം കേരളം ഒരു വയോജന സംസ്ഥാനമായി മാറുമെന്നും അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള ക്രിയാത്മകനടപടികൾ സമസ്‌തമേഖലകളിലും ഉടനടി ആരംഭിക്കേണ്ടതുണ്ടെന്നും ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം. യുവതലമുറയെ ലഹരിയിൽ നിന്നും മോചിതരാക്കാനുള്ള നടപടികൾ ഇതിൻ്റെ ഭാഗമായി കാണണമെന്നും ഈ മേഖലയിൽ ഏറ്റുമാനൂർ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മനോരമ ഓൺലൈൻ മികച്ച റസിഡൻ്റ്സ് അസോസിയേഷനുകൾക്കായി ഏർപ്പെടുത്തിയ ചുറ്റുവട്ടം അവാർഡ് ഏഴാം സീസണിൻ്റെ ഭാഗമായുള്ള 'ബാറ്റൺ ഓഫ് ചേഞ്ച്' പ്രയാണത്തിന് ഏറ്റുമാനൂർ ശക്തിനഗർ റസിഡൻ്റ് സ് അസോസിയേഷൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് മേയർ വി.വി.രാജേഷ് ഫ്ലാഗ് ഓഫ് ചെയ്ത പ്രയാണത്തിൻ്റെ ഭാഗമായ ബാറ്റൺ നഗരസഭാ ചെയർമാൻ ടോമി കുരുവിള അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.
അസോസിയേഷൻ പ്രസിഡൻ്റ് ബി. സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ രശ്മി ശ്യാം, മനോരമ ഓൺലൈൻ അസിസ്റ്റന്റ് ന്യൂസ് പ്രൊഡ്യൂസർ ശരത് ശിവശൈലം, അസോസിയേഷൻ രക്ഷാധികാരി ദിനേശ് ആർ ഷേണായ്, സെക്രട്ടറി ജി. വിനോദ് കുമാർ, രതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.





