15 February, 2022 12:52:33 PM


സ്ത്രീകൾ മാത്രം പണിയെടുത്ത ചാന്നാനിക്കാട് പാടത്തിന്‍റെ ചിറയിൽ പെരുമ്പാമ്പ്



കോട്ടയം: സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്‍റെ ചിറയിൽ പെരുമ്പാമ്പ്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ സ്ഥലത്തു നടത്തിയ പരിശോധനയില്‍ പാമ്പിനു ജീവനില്ലെന്നു കണ്ടെത്തി. ഇതോടെ തൊഴിലാളികൾക്കും ജനപ്രതിനിധികൾക്കും ഒരു പോലെ ആശ്വാസം. ചാന്നാനിക്കാട്  തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. 

ചാന്നാനിക്കാട് ചൂരവടി - വീപ്പനടി പാടശേഖരത്തിന്‍റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്നു 20 സ്ത്രീകൾ. കടവിൽ നിന്നും അകലെയായതിനാലും പുരുഷൻമാർ ആരും തന്നെ പണിസ്ഥലത്ത് ഇല്ലാതിരുന്നതിനാലും ഇവർ ഭയന്ന് പണികൾ നിർത്തിവച്ചു. വിവരമറിഞ്ഞ് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് റോയി മാത്യുവിന്‍റെ നേതൃത്വത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയാ മധു , പഞ്ചായത്തംഗങ്ങളായ സി എം സലി, ബോബി സ്കറിയ എന്നിവർ കുന്നത്തുകടവിലെത്തി. 

പാക്കിൽചിറ തോടിന്‍റെ ചിറ വഴി അര കിലോമീറ്ററോളം നടന്ന് സ്ഥലത്തെത്തി പുല്ലിനിടയിൽ പരിശോധന നടത്തിയപ്പോഴാണ് പെരുമ്പാമ്പിന് ജീവനില്ലെന്നു കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനു ശേഷം പാമ്പിന്‍റെ ജഡം സ്ഥലത്തു തന്നെ മറവു ചെയ്തു. ഭയം മാറാത്തതിനാൽ ഈ ഭാഗത്തേക്ക് പണിക്കില്ലായെന്ന നിലപാടിലാണ് സ്ത്രീകൾ .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K