19 February, 2022 09:09:23 AM


കുട്ടികൾ മാതാപിതാക്കളുടെ പോന്നോമനകൾ ആണെന്ന് ഓർമ്മപ്പെടുത്തി വിദ്യാർഥികൾക്ക് പോലീസിന്റെ ക്ലാസ്സ്‌

- സുനിൽ പാലാ



പാലാ: ''എന്റെ നാടിനടുത്താണ് മൂന്നു പെണ്‍മക്കളും അച്ഛനും അമ്മയും അടങ്ങിയ പാവപ്പെട്ട ആ കുടുംബം. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് ഒരുവിധം കുടുംബം പുലര്‍ത്തുന്നു. സുന്ദരികളായ മൂന്ന് പെണ്‍കുട്ടികളും നന്നായി പഠിക്കും. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവളര്‍ന്നിരുന്ന പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പക്ഷേ, ഫേസ്ബുക്കിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ടു. അവനാകട്ടെ കള്ളും കഞ്ചാവും. ഒരു രാത്രി ആ കുടുംബത്തിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് മുത്ത പെണ്‍കുട്ടി ആ യുവാവിനൊപ്പം ബൈക്കില്‍ കടന്നുകളഞ്ഞു. വിലപിച്ചെത്തിയ മാതാപിതാക്കളുടെ ഹൃദയവേദന കണ്ട് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പുലര്‍ച്ചെ 1.15 ന് പോയ പെണ്‍കുട്ടിയെ 4 മണിക്കുതന്നെ തിരികെ വീട്ടിലെത്തിക്കാന്‍ പോലീസിന് കഴിഞ്ഞു.'' 

മുന്‍ അദ്ധ്യാപകന്‍ കൂടിയായ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് പറയുമ്പോള്‍ ആകാംക്ഷാപൂര്‍വ്വം ശ്രോതാക്കളായിരിക്കുകയായിരുന്നു രാമപുരം ഗേള്‍സ് ഹൈസ്‌കൂളിലെ 150-ഓളം കൗമാരക്കാരികളും അവരുടെ അദ്ധ്യാപകരും  മാതാപിതാക്കളും.

''പെണ്‍കുട്ടി തിരികെയെത്തിയിടത്തല്ല ഈ സംഭവത്തിന്റെ ക്ലൈമാക്‌സ്. ഈ കുട്ടിയെ തിരികെ എത്തിച്ചതിന്റെ പിറ്റേന്ന് എന്റെ വീട്ടില്‍ കഴിഞ്ഞ, രണ്ടുവര്‍ഷമായി ഉണ്ടായിരുന്ന ഒരു നാടന്‍ നായ ഇറങ്ങിപ്പോയി. എവിടെയാണെന്നറിയാതെ ഞങ്ങള്‍ വിഷമിച്ചു. എന്റെ മക്കള്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന നായക്കുട്ടിയാണ്.  ഇതിനെ കാണാതായാതോടെ എന്റെ ഏഴ് വയസ്സുകാരി മകള്‍ ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. എന്റെ ഭാര്യയും മറ്റ് രണ്ട് മക്കളും സങ്കടത്തിലായി. പട്ടിയെ അന്വേഷിച്ച് ഞാന്‍ റോഡിലേക്കിറങ്ങിയപ്പോള്‍ അന്ന്, രാത്രി ഇറങ്ങിപ്പോയ നമ്മുടെ കഥാനായികയായ പെൺകുട്ടിയെ കണ്ടു. നായയെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ അവള്‍ക്കും വിഷമം. ഞാനവളോട് പറഞ്ഞു. ഒരു നായ ഇറങ്ങിപ്പോയപ്പോള്‍ എന്റെ ഭാര്യയും മക്കളും അനുഭവിച്ച വിഷമം നീ കണ്ടോ. അപ്പോള്‍ ഇത്രയും വര്‍ഷം ഓമനിച്ചു വളര്‍ത്തിയ നീ മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയപ്പോള്‍ നിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അനുഭവിച്ച വേദനയുടെ അളവ് എത്രയോ കഠിനമായിരിക്കും. ഇനിയെങ്കിലും നീ നന്നായി ജീവിക്കണം... " എന്റെ നാട്ടിലുള്ള ആ പെണ്‍കുട്ടിക്ക് കൊടുത്ത ഉപദേശം എന്റെ മുന്നിലിരിക്കുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളോടായി ഞാന്‍ ആവര്‍ത്തിക്കുകയാണ്. മാതാപിതാക്കളെ വിഷമിപ്പിക്കാതെ നിങ്ങള്‍ നന്നായി ജീവിക്കണം....'' -ഡി.വൈ.എസ്.പി.ഷാജു ജോസിൻ്റെ  ഈ നന്മ വാക്കുകള്‍ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോള്‍ കൗമാരക്കാരികള്‍ ഉള്‍പ്പെടെ  മുഴുവന്‍ കേള്‍വിക്കാരുടെയും കണ്ണുകള്‍ നിറഞ്ഞു. 

പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് തന്നെ ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകള്‍'' എന്ന പരിപാടിയുടെ ആദ്യ ക്ലാസാണ് രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്നലെ നടന്നത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ മത്തച്ചന്‍, രാമപുരം എസ്.ഐ. പി.എസ്. അരുണ്‍ കുമാര്‍, അദ്ധ്യാപകന്‍ ജോബി തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധി ഹെലന്‍ സിജോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ഏത് പ്രശ്‌നം ഉണ്ടായാലും വനിതാ പോലീസുമായി  ബന്ധപ്പെടാനുളള ഫോണ്‍ നമ്പരുകളും ക്ലാസിന്റെ ഭാഗമായി നല്‍കി.

'ഞാന്‍ എന്റെ അച്ഛന്റെയും അമ്മയുടെയും പോന്നോമനയാണ്....'
 കുട്ടികളെക്കൊണ്ട് പോലീസ് എഴുതിച്ചു; ''ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയാണ്. എന്റെ നന്മ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്റെ മാതാപിതാക്കള്‍ മാത്രമാണ്..." 

ഇന്നലെ രാമപുരം സ്‌കൂളില്‍ നമ്മുടെ പൊന്നോമനകള്‍ എന്ന പരിപാടിയുടെ തുടക്കത്തിലെ തന്നെ  കുട്ടികളെക്കൊണ്ട് ഈ വാചകം കുറിപ്പിച്ചത് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസാണ്. 

"ഈ വാക്കുകള്‍ ഒരു മന്ത്രംപോലെ രാവിലെ ഉണരാന്‍ നേരത്തും ഉറങ്ങാന്‍ നേരത്തും നിങ്ങള്‍ മനസ്സില്‍ ഉരുവിടണം. നിങ്ങളൊരു തെറ്റിലേക്കും പോകില്ല. ഞാന്‍ ഉറപ്പു പറയുന്നു. ഈ പുണ്യാക്ഷരങ്ങള്‍ ഉരുവിടുന്ന നിങ്ങളെ ദൈവം രക്ഷിക്കും,. ഉറപ്പാണ്'' 
ഡി.വൈ.എസ്.പി. വിശദീകരിച്ചപ്പോള്‍ കൗമാരക്കാരികളായ കേള്‍വിക്കാരില്‍ നിന്ന് പിന്തുണയുടെ കൈയ്യടി ഉയര്‍ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K