19 February, 2022 06:56:50 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ പിഴപലിശ ഒഴിവാക്കി നികുതികള്‍ അടയ്ക്കാന്‍ അവസരം



ഏറ്റുമാനൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിഴപലിശ ഒഴിവാക്കി നികുതികുടിശിഖ അടയ്ക്കാന്‍ സംവിധാനമൊരുക്കി ഏറ്റുമാനൂര്‍ നഗരസഭ. മാര്‍ച്ച് 31 വരെയുള്ള വസ്തുനികുതി (കെട്ടിടനികുതി) കുടിശിഖ പിഴപലിശ കൂടാതെ ഒറ്റതവണയായി അടച്ച് ജപ്തി, റവന്യു റിക്കവറി എന്നിവയില്‍ നിന്നും ഒഴിവാകാം.

വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലാവധിയും മാര്‍ച്ച് 31 വരെ നീട്ടി. ഈ സാമ്പത്തികവര്‍ഷം ലൈസന്‍സ് പുതുക്കാത്തവരുള്‍പ്പെടെ എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കേണ്ടതാണ്. അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മാര്‍ച്ച് 31 വരെ എല്ലാ പൊതു അവധി ദിവസങ്ങളിലും തൊഴില്‍ - കെട്ടിടനികുതികള്‍ നഗരസഭയില്‍ നേരിട്ട് അടയ്ക്കാം. നഗരസഭയുടെ www.taxlsgkerala.gov.in വെബ്‌സൈറ്റ് മുഖേനയും അക്ഷയ സെന്റര്‍ മുഖേനയും നികുതികള്‍ അടയ്ക്കാം. അതേസമയം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പ് കളക്ഷന്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല. വസ്തുനികുതി (കെട്ടിടനികുതി) കുടിശിഖ ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുക്കാം. എന്നാല്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിന് നഗരസഭാ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K