05 December, 2023 01:52:50 PM
ഏറ്റുമാനൂരിൽ ലോറി പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രികനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ഏറ്റുമാനൂർ : കാരിത്താസ് ജംഗ്ഷന് സമീപം വാഹനാപകടം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ലോറി കോട്ടയത്ത് നിന്ന് വന്ന ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ റിലയൻസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. റോഡരികിലെ വൈദ്യുതി പോസ്റ്റും ബോർഡുകളും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ലോറി പമ്പിൽ കയറി നിന്നത്.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ ആലപ്പുഴ തലവടി സ്വദേശിയായ വിഷ്ണു(33), ബൈക്കിന് പിന്നിൽ ഇരുന്നു സഞ്ചരിച്ച ഹരിപ്പാട് സ്വദേശി നക്രാത്ത് വീട്ടിൽ കൃഷ്ണകുമാർ (22) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് ഓടിച്ചിരുന്ന ഹരിപ്പാട് സ്വദേശി രജീഷ്(26) അത്ഭുതകരമായി രക്ഷപെട്ടു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും ദിശ തെറ്റി ഓടികയറി വരികയായിരുന്നു ചരക്ക് ലോറി. ഹരിപ്പാട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് തീ ചിതറി വൈദ്യുതികമ്പികൾ പൊട്ടിവീണു. ലോറി പമ്പിലെ മതിലിൽ തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.