05 March, 2024 07:19:17 PM


ആ സ്വപ്‌നവും പൂവണിയുന്നു: കാരിത്താസ് റെയിൽവേ മേൽപ്പാലം മാർച്ച് ഏഴിന് നാടിനു സമർപ്പിക്കും



ഏറ്റുമാനൂർ : കാരിത്താസ് റെയിൽവേ മേൽപ്പാലം മാർച്ച് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. 13.60 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തീകരിച്ചത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആർ.ബി.ഡി.സി.കെയെ ചുമതലപ്പെടുത്തുകയും 2013 ജൂലൈയിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ 2019 ജനുവരിയിലാണ് പൂർത്തീകരിച്ചത്. തുടർന്ന് 10.8 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെണ്ടറിൽ ആരും പങ്കെടുത്തില്ല. തുടർന്ന് എസ്റ്റിമേറ്റ് പരിഷ്‌കരിച്ച് 11.98 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചു. തുടർന്നു നടന്ന അഞ്ചു ടെണ്ടറുകളിലും ആരും പങ്കെടുത്തില്ല. 2022 ഏപ്രിലിൽ റീ ടെണ്ടർ ചെയ്തു. 13.60 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണകരാർ എടുത്തത്. 2022 ഡിസംബറിൽ നിർമാണം ആരംഭിച്ചു. 15 മാസമായിരുന്നു നിർമാണ കാലാവധി. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

മാർച്ച് ഏഴിന് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും.
കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച്‌റോഡ് മികച്ച ഗുണനിലവാരത്തോടെ നിർമിക്കുന്നതിന്് 5.50 കോടി രൂപ അനുവദിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോണത്താറ്റ് പാലവും സമയബന്ധിതമായി പൂർത്തീകരിക്കും. കമ്പിനിക്കടവ് പാലം നിർമാണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളജിനെയും ബസ് സ്റ്റാൻഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ നിർമാണ ഉദ്ഘാടനവും ഉടൻ നടക്കും. ഏറ്റുമാനൂർ മണ്ഡലത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികൾ ആരംഭിക്കാനും സയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാരിനു കഴിഞ്ഞതായും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K