09 April, 2024 11:39:46 AM
കാണക്കാരിയിൽ കണ്ടെയ്നർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു: വൻ ഗതാഗതകുരുക്ക്

ഏറ്റുമാനൂർ: എറണാകുളം റോഡിൽ കാണക്കാരി കവലയിൽ കണ്ടെയ്നർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്നുണ്ടായ ഗതാഗതകുരുക്ക് ഇന്നും തുടരുകയാണ്.
ഏറ്റുമാനൂരിലെ പെട്രോൾ പമ്പിൽ ലോഡിറക്കി കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള യാർഡിലേക്ക് തിരികെ പോകുകയായിരുന്ന ടാങ്കർ ലോറിയും എറണാകുളം ഭാഗത്തു നിന്ന് വന്ന കണ്ടെയ്നർ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറിയിൽ ഇന്ധനമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മാറ്റാനാവാതെ വന്നതോടെ കിലോമീറ്ററുകളോളം നീളത്തിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. പിന്നീട് ക്രയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റിയെങ്കിലും വഴിയ്ക്കു കുറുകെ കിടക്കുന്ന കണ്ടെയ്നർ ലോറി മാറ്റാനായില്ല. ടാങ്കർ ലോറി മാറ്റിയതിനു ശേഷമുള്ള ചെറിയ വിടവിലൂടെ ഓരോ വാഹനം വീതമാണ് ഇപ്പോൾ കടന്ന് പോകുന്നത്.