01 June, 2024 02:23:06 AM


ഏറ്റുമാനൂർ ശക്തിനഗറിൽ വെള്ളപൊക്കം: എം സി റോഡ് കവിഞ്ഞ് വെള്ളം വീടിനുള്ളിലൂടെ ഒഴുകി



ഏറ്റുമാനൂർ: രാത്രി ശക്തമായി പെയ്ത മഴയിൽ ഏറ്റുമാനൂർ ശക്തിനഗറിൽ വെള്ളപൊക്കം. എം സി റോഡും വി കെ ബി റോഡും കവിഞ്ഞ് വെള്ളം വീടുകളുടെയും കടകളുടെയും ഉള്ളിലൂടെ ഒഴുകി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കോണിക്കൽ രാജുവിന്റെ വീട്ടിലും കടയിലും വെള്ളം കയറി. ഒഴുകിപോകാൻ സംവിധാനമില്ലാതെ വെള്ളം റോഡിൽ കെട്ടികിടന്നതാണ് പ്രശ്നത്തിന് കാരണം.


എം സി റോഡിൽ നിന്നും ആരംഭിച്ച് വി കെ ബി റോഡിനു കുറുകെ മാറാവേലി തൊട്ടിലേക്കു വെള്ളം ഒഴുകുന്ന ചെറിയ തോട് ഇവിടെ ഉണ്ടായിരുന്നു. അതു സ്വകാര്യ വ്യക്തികൾ അടച്ചുകെട്ടി. അതു വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യത്തിനു നേരെ നഗരസഭ അധികൃതർ മുഖം തിരിച്ചെന്നാണ് പരിസരവാസികളുടെ പരാതി. എം സി റോഡിനിരുവശവുമുള്ള ഓടകളിലേക്ക് നീരൊഴുക്ക് തടസപ്പെടുന്ന രീതിയിൽ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്ത് നടത്തിയ നിർമാണപ്രവർത്തനങ്ങളും വെള്ളപൊക്കത്തിന് മറ്റൊരു കാരണമായി.  


ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ അറിയിച്ചതനുസരിച്ചു ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ മന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരെ കാണുന്നതായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ ദിനേശ് ആർ ഷേണായ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K