14 June, 2024 06:14:36 PM


ഏറ്റുമാനൂർ കട്ടച്ചിറയിൽ കാർ ബൈക്കിലും ഓട്ടോയിലും തട്ടി കടയില്‍ ഇടിച്ചുകയറി



ഏറ്റുമാനൂർ : കട്ടച്ചിറയിൽ കാർ നിയന്ത്രണം തെറ്റി ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിന് മുൻവശത്തേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ കട്ടച്ചിറ പള്ളിക്കവലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന  തൊടുപുഴ സ്വദേശിയുടെ കാറാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നിഗമനം.


കട്ടച്ചിറ പള്ളിക്കവലയിലെ  കയറ്റം കയറി ഇറങ്ങുന്നതിനിടയിൽ  നിയന്ത്രണം തെറ്റിയ  കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന  ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടിയശേഷം, ഇവിടെ ഉണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ  ചെന്ന് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ  ഇടിച്ച ശേഷം കാർ കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിന് മുൻവശത്ത് പ്രദർശനത്തിനായി നിരത്തി വച്ചിരുന്ന മൺ ചട്ടികൾ  തകർത്ത ശേഷം  കെ എം ചിക്കൻ സെന്‍ററിന്‍റെ മുൻവശത്തെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്.


ചിക്കൻ സെന്‍ററിന്‍റെ മുൻവശത്ത് ഈ സമയത്ത് അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ ഇവരെ ഇടിക്കാതെ കാർ സ്ലാബിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K