12 July, 2025 01:48:33 PM


ഏറ്റുമാനൂർ നഗരത്തിൽ വൻ ഗതാഗത കുരുക്ക്; ആംബുലൻസുകൾ കുടുങ്ങി



ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിൽ വൻ ഗതാഗത കുരുക്ക്. പട്ടിത്താനം മുതൽ പാറോലിക്കൽ വരെ ഇന്ന് രാവിലെ മുതൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. ഇതിനിടയിൽ രോഗികളുമായെത്തുന്ന ആംബുലൻസുകളും പെടുന്നു. അര മണിക്കൂർ വരെ പലയിടത്തായി ആംബുലൻസുകൾ കുടുങ്ങി കിടന്നതായി നാട്ടുകാർ പറയുന്നു.

എറണാകുളം, പാലാ, കുറവിലങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള ആംബുലൻസുകളാണ് കുരുക്കിൽ പെടുന്നതിലേറെയും. എം.സി.റോസിൽ ഏറ്റുമാനൂർ അമ്പലത്തിന് മുന്നിലെ കുരുക്കിൽ ഇന്നുച്ചക്ക്‌ ഒരു ആംബുലൻസ് പത്ത് മിനിറ്റിലധികം കുടുങ്ങി കിടന്നു. കുറെ നേരത്തെ ശ്രമഫലമായി മാരിയമ്മൻ കോവിലിനു സമീപത്തുകൂടിയുള്ള ഇടവഴി കേറിയാണ് ആശുപത്രിയിലേക്ക് പോകാനായത്.   ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നു പോകാനാവാത്ത അവസ്ഥയാണ് നിലവിൽ. ഇതിനിടെ കാൽ നടയാത്രികരും ഏറെ ബുദ്ധിമുട്ടുകയാണ്.

പാലാ റോഡിലെ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതും ഏറ്റുമാനൂർ നഗരത്തിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ മതിയായ പോലീസുകാർ ഇല്ലാത്തതുമാണ് നഗരത്തിൽ ഇത്രയും ഗതാഗത കുരുക്ക് വരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഏറ്റവും കൂടുതൽ കുരുക്ക് അനുഭവപ്പെടുന്നത് പടിഞ്ഞാറെ നട, പേരൂർ കവല, കെ എസ് ആർ ടി സി സ്റ്റാൻഡ് മേഖലകളിൽ ആണ്. സ്വകാര്യ ബസുകളുടെ നിയമം തെറ്റിച്ചുള്ള ഓവർ ടേക്കിംഗും വഴിമാറിയുളള ഓട്ടവും എല്ലാം കുരുക്കിന് കാരണമാകുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K