27 July, 2025 10:56:34 AM


കുടുംബശ്രീ ആരോഗ്യ കർക്കടകം: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



കോട്ടയം :  ആരോഗ്യകർക്കടക ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഹേമലത പ്രേം സാഗർ  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അധ്യക്ഷത വഹിച്ചു. കർക്കടകത്തിന്റെ പ്രാധാന്യം, ആരോഗ്യ സംരക്ഷണം, മഴക്കാല രോഗങ്ങൾ, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഡോ. ലക്ഷ്മി വർമ്മ  ക്ലാസ് എടുത്തു. വീടുകളിൽ സന്ദർശിച്ച് ജീവിതശൈലി രോഗ നിർണയം നടത്തുന്ന 'സാന്ത്വനം' ആരോഗ്യ പ്രവർത്തകർക്കുള്ള മെഡിക്കൽ കിറ്റ് വിതരണം, രോഗികളും വയോജനങ്ങളും എന്നിവരെ പരിചരിക്കുന്ന കെ ഫോർ കെയർ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ആർ. അനുപമ ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശ് ബി. നായർ,  ജെൻഡർ ഡി.പി.എം.  ഉഷാദേവി എന്നിവർ  പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K