27 July, 2025 11:29:10 AM
കാറ്റും മഴയും: കോട്ടയം ജില്ലയിൽ 172 വീടുകൾക്ക് ഭാഗികനാശം

കോട്ടയം: അതിശക്തമായ കാറ്റിലും മഴയിലും രണ്ടുദിവസത്തിനിടെ ജില്ലയിൽ 172 വീടുകൾക്ക് ഭാഗികനാശം. മേയ് 24 മുതൽ ഇതുവരെ കാറ്റിലും മഴയിലും പ്രകൃതിക്ഷോഭത്തിലും ജില്ലയിൽ 534 വീടുകൾക്ക് ഭാഗികനാശനഷ്ടമുണ്ടായി. രണ്ടുവീടുകൾ പൂർണമായി നശിച്ചു. രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ ഓരോ ക്യാമ്പാണുള്ളത്. നാലു കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പിലുള്ളത്. ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകമായി മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും വീടുകൾക്ക് നാശമുണ്ടായി. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മരം വീണ് തകർന്നു. ജില്ലയിലെ 54 വില്ലേജുകളിൽ മഴക്കെടുതി നേരിട്ടു.