22 October, 2025 11:08:55 AM
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ അത്താഴ കഞ്ഞിയുടെ പേരിൽ തട്ടിപ്പ്

കോട്ടയം: ശബരിമല തീർഥാടകരും വൈകിട്ട് ക്ഷേത്രദർശനത്തിനെത്തുന്നവരും കഴിക്കുന്ന അത്താഴക്കഞ്ഞിയുടെ പേരിലും പണം തട്ടിയെടുത്തു. തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഓരോ ദിവസവും 250 പേർക്കു വീതം 65 ദിവസം അത്താഴക്കഞ്ഞി നല്‍കി എന്ന വകയില്‍ ദേവസ്വം അധികൃതർ എഴുതിയെടുത്തത് 2.27 ലക്ഷം രൂപ!. ഭക്ഷണം കഴിച്ചവരുടെ എണ്ണം സത്യസന്ധമല്ല എന്നും ഇത്രയും പേർ പല ദിവസങ്ങളിലും കഴിച്ചിട്ടില്ലെന്നും ആണ് കണ്ടെത്തല്‍.
സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് ഓഡിറ്റില്‍ ആണ് ഈ കണ്ടെത്തല്‍.
ശബരിമല തീർഥാടനവേളയായ 2019 നവംബർ 17 മുതല്‍ 2020 ജനുവരി 20 വരെ തിരുനക്കരയില്‍ തുടർച്ചയായി രാത്രിയില്‍ 250 പേർക്ക് വീതം അത്താഴക്കഞ്ഞി വിതരണം ചെയ്തെന്നു കണക്ക് നല്‍കിയാണ് പണം കൈപ്പറ്റിയത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുൻകൂർ തുക ചെലവഴിച്ച ശേഷം പിന്നീട് ബോർഡില്‍നിന്ന് എഴുതിയെടുക്കുകയായിരുന്നു. ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ തിരുനക്കര ദേവസ്വം നല്‍കിയിരുന്നില്ല.
മതിയായ രേഖകള്‍ ഇല്ലാതെ അത്താഴക്കഞ്ഞിക്കായി നല്‍കിയ 2.27 ലക്ഷം രൂപ ഉദ്യോഗസ്ഥനില്‍ നിന്നു തിരികെ ഈടാക്കാൻ ഓഡിറ്റ് നിർദേശം നല്‍കുകയും ചെയ്തു. ഇതു കൂടാതെ മതിയായ രേഖകളും വൗച്ചറുകളും ഇല്ലാതെ ചെലവഴിക്കുകയും കൈപ്പറ്റുകയും ചെയ്ത 3.06 ലക്ഷം രൂപ സംബന്ധിച്ച് അന്വേഷണം നടത്താനും തിരികെ ഈടാക്കാനും 2020- 21ലെ ഓഡിറ്റില്‍ ശുപാർശ ചെയ്യുന്നു.