03 November, 2025 03:46:47 PM


പള്ളം ബ്ലോക്കിന്റെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം- മന്ത്രി വി.എൻ. വാസവൻ



കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. അങ്കണവാടികൾക്കുള്ള സഹായം, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനെടുത്ത നടപടികൾ, കൃഷി രംഗത്ത് നടപ്പാക്കിയ വൈവിധ്യമാർന്ന പദ്ധതികൾ എന്നിങ്ങനെ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയവയെല്ലാം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അങ്കണവാടികൾക്കും റഫ്രിജറേറ്റർ വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 'മികവിന്റെ അഞ്ച് വർഷങ്ങൾ' എന്ന സ്മരണികയുടെ പ്രകാശനവും 'സാരംഗി' ഓഡിറ്റോറിയത്തിന്റെ നാമകരണവും മന്ത്രി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം തൊഴിൽ ദാതാക്കളെ അദ്ദേഹം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സിബി  ജോൺ, ധനുജ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് പുതുമന, സുജാത ബിജു, ദീപ ജീസസ്, റെയ്ച്ചൽ കുര്യൻ, ഷീലമ്മ ജോസഫ്, ലിസമ്മ ബേബി, ശിശുവികസന പ്രോജക്ട് ഓഫീസർ ജിനു മേരി ബെഞ്ചമിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  പത്മനാഭൻ ഇന്ദീവരം എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920