31 October, 2022 10:01:27 AM


ഗ്രാന്‍റുകള്‍ 'അട്ടിമറിക്കപ്പെടുന്നു'; പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഏറ്റുമാനൂര്‍ നഗരസഭ




ഏറ്റുമാനൂര്‍: ഗ്രാമപഞ്ചായത്ത് ആയിരുന്ന ഏറ്റുമാനൂര്‍ നഗരസഭയായി മാറി അര ദശാബ്ദം പിന്നിട്ടിട്ടും കാര്യങ്ങള്‍ മുട്ടിലിഴഞ്ഞുതന്നെ. സര്‍ക്കാരില്‍ നിന്നും സമയാസമയം ലഭിക്കുന്ന ധനസഹായം കൃത്യമായി വിനിയോഗിക്കാത്തതും വകമാറ്റി ചെലവഴിക്കുന്നതുമെല്ലാം നഗരസഭയുടെ പുരോഗതിയെ പിന്നോട്ടടിക്കുന്നു. തുടങ്ങിവെച്ച പദ്ധതികള്‍ എല്ലാം തന്നെ പാതിവഴിയില്‍ നിലയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. വളരെ നേരത്തെ ഉയര്‍ന്നുകേട്ട ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ട്.


മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഭരണാധികാരികളും ഒരു സംഘം ഉദ്യോഗസ്ഥരും കൈകാലിട്ടടിക്കുമ്പോഴാണ് കൌണ്‍സിലര്‍മാരെ പോലും കാണിക്കാതെ പൂഴ്ത്തിവെച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കൈരളി വാര്‍ത്തയ്ക്ക് ലഭിച്ചത്. 70 പേജില്‍ നീളുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എല്ലാംതന്നെ ഞെട്ടിക്കുന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എല്ലാവര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും ഭവനനിര്‍മ്മാണധനസഹായവും ഉള്‍പ്പെടെയുള്ള ഗ്രാന്‍റുകള്‍ കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.


2020-21 വര്‍ഷം ശബരിമല ഇടത്താവളത്തിന് സ്പെഷ്യല്‍ ഗ്രാന്‍റായി അനുവദിച്ച 10 ലക്ഷം രൂപയില്‍ 2,24,227 രൂപ വിവിധ വാര്‍ഡുകളിലെ വഴിവിളക്കുകളുടെ മെയിന്‍റനന്‍സിനായി ചെലവഴിച്ചു.ബാക്കി 7,75,773 രൂപ തനത് ഫണ്ടില്‍ സൂക്ഷിച്ചു. 2021-22ലും പത്ത് ലക്ഷം രൂപ ലഭിച്ചിരുന്നു. വാര്‍ഷിക കണക്ക് പ്രകാരം 24,29,736 രൂപ ബാലന്‍സുള്ളതായി കാണിക്കുന്നുണ്ടെങ്കിലും ഈ തുകയുടെ കൃത്യത വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്പെഷ്യല്‍ ഗ്രാന്‍റ് വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിച്ച് ബാലന്‍സ് തുകകളുടെ കൃത്യത ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. 


READ ALSO: ഏറ്റുമാനൂർ നഗരസഭയിൽ വന്‍നികുതിവെട്ടിപ്പ്: ലിസ്റ്റില്‍ നഗരസഭയും ബ്ലോക്ക്‌ പഞ്ചായത്തും കാരിത്താസ് പോലുള്ള വൻകിട സ്ഥാപനങ്ങളും


സ്കൂളുകള്‍ക്കും നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ വാങ്ങി വിതരണം ചെയ്തതിലുമുണ്ട് ഏറെ അപാകതകള്‍. 2020 ഏപ്രില്‍ 20 തീയതിയിലെ ബില്‍ പ്രകാരം കെല്‍ട്രോണില്‍നിന്ന് രണ്ട് ലാപ്ടോപ്പുകളും പതിനൊന്ന് ഡെസ്ക്ടോപ്പുകളും വാങ്ങിയതായാണ് രേഖകള്‍. എന്നാല്‍ പരിശോധനയില്‍ മൂന്ന് ഡെസ്ക്ടോപ്പുകള്‍ വിതരണം ചെയ്തിട്ടില്ല എന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അപാകത ചൂണ്ടികാട്ടിയതിനെ തുടര്‍ന്ന്, രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ ഉപകരണങ്ങള്‍ 2022 ജനുവരി 19ന് ഇവ വിതരണം ചെയ്തതായി രസീത് ഉണ്ടാക്കി.  


പൊതുഉപയോഗങ്ങള്‍ക്കായി ലഭിച്ച ഗ്രാന്‍റിന്‍റെ 91 ശതമാനത്തിലധികവും വാര്‍ഷികപദ്ധതിക്കുവേണ്ടിയാണ് നഗരസഭ ചെലവഴിച്ചത്. റോഡ് സംരക്ഷണ ഗ്രാന്‍റിനത്തില്‍ ലഭ്യമായ 1.2 കോടിയിലധികം രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തുക വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കും റോഡ് മെയിന്‍റനന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുമായി വകമാറ്റിയത്. ഏകവര്‍ഷപ്രോജക്ടായി കരാറിലേര്‍പ്പെടുന്നതും മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതുമായ മിക്ക റോഡ് പ്രവ‍ൃത്തികളും അടുത്ത വര്‍ഷത്തെ പദ്ധതിയില്‍പോലും പൂര്‍ത്തീകരിക്കാതെ സ്പില്‍ ഓവറായി തുടരുന്നു. സമയബന്ധിതമായി പദ്ധതിനിര്‍വ്വഹണനടപടികള്‍ ആരംഭിക്കാത്തതാണ് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.


READ ALSO: 'രേഖകള്‍ എല്ലാം അപൂര്‍ണ്ണം': ഏറ്റുമാനൂര്‍ നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ വസ്തുനികുതി ഡിമാന്‍റ് നോട്ടീസ് വായുവില്‍നിന്ന് സൃഷ്ടിച്ചതോ?


വാര്‍ഷികപദ്ധതിചെലവ് കേവലം 17.56 ശതമാനം മാത്രമായിട്ടും 2020-21ല്‍ 2.83 കോടി രൂപ നഷ്ടപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അംഗീകാരം കിട്ടിയ പ്രോജക്ടുകള്‍ നടപ്പിലാക്കാത്തതും നടപ്പിലാക്കിയവയുടെ നിര്‍വ്വഹണത്തില്‍ കാലതാമസം നേരിട്ടതും പ്രധാന കാരണങ്ങള്‍. അംഗീകാരം ലഭിച്ച 320 പദ്ധതികളാണ് 2020-21 കാലഘട്ടത്തില്‍ നടപ്പിലാകാതെ പോയത്. വികസനപദ്ധതികള്‍ക്കുള്ള ധനസഹായങ്ങള്‍ നഷ്ടപ്പെടുന്നത് തെറ്റായ നടപടിക്രമങ്ങളും ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളുമാണെന്ന് റിപ്പോര്‍്ടടില്‍ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് ഓഫീസ് കെട്ടിടം പണിയുന്നതിന് 2017-18ല്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ലഭിക്കാതെ വന്നതും 2016-17ല്‍ തുടക്കം കുറിച്ച ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം നിലച്ചതും കൃഷി ഓഫീസര്‍ നടപ്പാക്കിയതും തുക ചെലവഴിച്ചതുമായ പ്രോജക്ട് അന്തിമപദ്ധതിയില്‍ ഉള്‍പ്പെടാതെ പോയതുമെല്ലാം ഇതിന് ഉദാഹരണമായി ചൂണ്ടികാട്ടുന്നു.


READ ALSO: 'പരേതന്മാര്‍ക്കും ലഭിക്കും' ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് ക്ഷേമപെന്‍ഷനുകള്‍


അംഗനവാടി അനുപൂരകപോഷകാഹാരം, ശുചിത്വമിഷന്‍. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ, ശബരിമല ഇടത്താവളം എന്നീ ആവശ്യങ്ങള്‍ക്ക് ലഭിച്ച 1,59,72,333 രൂപയാണ് ഇതുവരെ വിനിയോഗിക്കാതെ വിവിധ അക്കൌണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗ്രാന്‍റുകളുടെ വിനിയോഗം നിരീക്ഷിക്കാന്‍ പ്രത്യേകം രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ല. നഗരസഭയുടെ ആസ്തിപരിപാലനത്തിലും സൂക്ഷിച്ചിരിക്കുന്ന ആസ്തിരജിസ്റ്ററിലും വന്‍ അപാകതകളാണ് കണ്ടെത്തിയത്. 


ഗ്രാമപഞ്ചായത്ത് ആയിരിക്കെ ഭവനനിര്‍മ്മാണവായ്പ വിതരണത്തിന് എടുത്ത തുക ഇനിയും മുഴുനായി വിതരണം ചെയ്തിട്ടില്ല. ഇങ്ങനെ ബാക്കിനില്‍ക്കുന്ന തുക പലിശയുള്‍പ്പെടെ 26066 രൂപ ലോണ്‍ അക്കൌണ്ടില്‍ തിരിച്ചടയ്ക്കാത്തത് നഗരസഭയ്ക്ക് ബാധ്യതയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.  പിഎംഎവൈ ഭവനനിര്‍മ്മാണത്തിനായി മുന്‍കൂര്‍ തുക കൈപ്പറ്റിയ 11 ഗുണഭോക്താക്കള്‍ ഇനിയും ഭവനനിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 4,30,000 രൂപയാണ് ഈയിനത്തില്‍ മുന്‍കൂറായി നല്‍കിയിട്ടുള്ളത്. 


തുടരും...



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K