07 August, 2026 10:31:40 AM


കണ്ണടച്ച് പഞ്ചായത്ത് അധികൃതര്‍; വെള്ളക്കെട്ടില്‍നിന്ന് മോചനമില്ലാതെ ഒരു കുടുംബം



നീണ്ടൂർ : റോഡ് നിര്‍മാണത്തിലെ അപാകതയും അധികൃതരുടെ കൃത്യനിർവഹണത്തിലെ വീഴ്ചയും മൂലം വര്‍ഷങ്ങളായി വെള്ളകെട്ടില്‍ ഒരു കുടുംബം. വിദ്യാര്‍ഥികളടങ്ങിയ തന്‍റെ കുടുംബം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാന്നാനം കെ.ഇ.സ്കൂള്‍ അധ്യാപികയായ നീണ്ടൂര്‍ ബിജുവിലാസത്തില്‍ ലെജി ഭാസ്കര്‍ മുട്ടാത്ത വാതിലുകളില്ല. ഏറ്റവുമൊടുവില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് അവര്‍.


വീടിനു തൊട്ടുമുന്നിലൂടെയുള്ള പഞ്ചായത്ത് വഴി ഏതാനും വര്‍ഷം മുമ്പ് മണ്ണിട്ടുപൊക്കി നവീകരിച്ചതോടെയാണ് ഈ കുടുംബത്തിന്‍റെ കഷ്ടകാലം ആരംഭിച്ചത്. റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഓടയിലൂടെ വെള്ളമൊഴുകാനുള്ള സംവിധാനം അധികൃതര്‍ അടച്ചുവെച്ചതോടെ ഇവരുടെ വീട്ടിലേക്ക് കയറാന്‍ വെള്ളത്തില്‍ 'നീന്തേണ്ട' അവസ്ഥയായി. മഴയത്ത് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ കാല്‍നടയും ദുസ്സഹം. 



റോഡ് നിർമാണ പ്രവർത്തനങ്ങൾ മൂലം അടഞ്ഞുപോയ പ്രദേശത്തെ പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിച്ചാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് ലെജി പറയുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ പരാതിക്ക് റോഡിനടിയിൽ ഡ്രെയിനേജ് സൗകര്യം നിർമിക്കുന്നതിന് 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന മറുപടി ലഭിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല. വാർഡ് മെമ്പർ തോമസ് ജോസഫിനെ സമീപിച്ചപ്പോൾ, അനുവദിച്ച തുക തനിക്ക് നൽകില്ലെന്ന് പറയുകയും പഞ്ചായത്ത് അധികൃതരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ലെജി കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 


ആരോഗ്യപരമായ അപകടങ്ങളില്ലാതെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ടതോടെ ഇവിടെനിന്നും താമസം മാറാന്‍ തങ്ങള്‍ നിർബന്ധിതരായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. നീണ്ടൂരിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇടപെട്ടിടും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ ലെജി പ്രശ്നപരിഹാരത്തിനായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും സമീപിച്ചിരുന്നു. പോലീസിന്‍റെ നിര്‍ദേശമനുസരിച്ചാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K