03 August, 2026 08:31:05 PM
പേരൂർ വെള്ളത്തിൽ മുങ്ങി; കൈത്താങ്ങുമായി മോൻസി ഇത്തവണയുമിറങ്ങി

ഏറ്റുമാനൂർ: കനത്ത മഴയെ തുടര്‍ന്ന് പേരൂർ വെള്ളത്തിൽ മുങ്ങി. നാടിന് കൈത്താങ്ങുമായി മോൻസി തോമസ് പേരുമാലിൽ ഇത്തവണയും രക്ഷാപ്രവർത്തനത്തിനിറങ്ങി. പേരൂർ മേഖലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്ന് വെള്ളം കയറിയ വീടുകളിലെ താമസക്കാരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മോൻസി തന്‍റെ ട്രാക്ടറുമായാണ് ഇക്കുറി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. 2018 ലെ പ്രളയമുൾപ്പെടെ വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോഴൊക്കെ നാട്ടുകാർക്ക് കൈത്താങ്ങുമായി മികച്ച കർഷകനും പരിസ്ഥിതി- ജീവകാരുണ്യ പ്രവർത്തകനുമായ മോൻസി മുൻനിരയിലുണ്ടായിരുന്നു.
അതേസമയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കോട്ടയം മോസ്‌കോ ജംഗ്ഷനു സമീപം വെള്ളം കയറിയ വീട്ടില്‍നിന്നും വയോധികയെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.

മീനച്ചില്‍ താലൂക്കിലെ കൈപ്പിള്ളിയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലെ വീട്ടില്‍നിന്ന് കിടപ്പുരോഗിയെ എന്‍.ഡി.ആര്‍.എഫും പോലീസിന്‍റെ ആര്‍.ആര്‍.ആര്‍.എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു.





