07 August, 2026 08:17:20 PM


'കൈരളി വാർത്ത'യുടെ ഇടപെടൽ ഫലം കണ്ടു; കാറ്റ് മാത്രം വന്ന പൈപ്പുകളിൽ കുടിവെള്ളമെത്തി




ഏറ്റുമാനൂർ: പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ "കൈരളി വാർത്ത"യുടെ ഇടപെടൽ ഫലം കണ്ടു. ഏറ്റുമാനൂര്‍ നഗരസഭയുടെ കീഴിലുള്ള പേരൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. കിണറുകളെല്ലാം മലിനജലം കൊണ്ട് മൂടി. വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകള്‍ തുറന്നാല്‍ ലഭിക്കുന്നത് കാറ്റും. നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി "കൈരളി വാര്‍ത്ത" വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പൈപ്പുകളില്‍ കുടിവെള്ളമെത്തി. ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഈ സമയം വരെ പൈപ്പുകളിലൂടെ കുടിവെള്ളം നിലയ്ക്കാതെ വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

കനത്ത മഴയെ തുടർന്ന് കിണറുകൾ കരകവിഞ്ഞൊഴുകുകയും മാലിന്യങ്ങൾ നിറയുകയും ചെയ്ത സമയത്ത് ജനങ്ങൾക്ക് ആശ്വാസമാകേണ്ട ജൽജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ജലവിതരണ പൈപ്പുകളിൽ നിന്നാണ് വെള്ളത്തിനു പകരം പാമ്പ് ചീറ്റും പോലെ കാറ്റ് വന്നുകൊണ്ടിരുന്നത്. കണക്ഷന്‍ എടുത്തിട്ട് ഇന്നേവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ബില്‍ കനത്ത രീതിയില്‍ കൃത്യമായി വീട്ടിലെത്തുന്നുണ്ടെന്നുമായിരുന്നു മിക്കവരുടെയും പരാതി. പേരൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ മോൻസി തോമസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് ചർച്ചയായതോടെ "കൈരളി വാര്‍ത്ത" വിഷയത്തില്‍ ഇടപെടുകയായിരുന്നു.


മോന്‍സി ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ.

ജനങ്ങളെ ചൂഷണം ചെയ്യുന്ന കുടിവെള്ള നാടകം

​കുടിക്കാൻ തുള്ളിവെള്ളമില്ല; പക്ഷെ ബില്ല് കൃത്യം! എന്തൊരു നീതി?കാറ്റും വെള്ളവും ബില്ലും: ഒരു ജനതയുടെ നീറുന്ന കഥ
​വേനൽച്ചൂടിൽ കിണറുകൾ വറ്റി വരണ്ടു. മഴക്കാലത്ത് വെള്ളം കലങ്ങി ഉപയോഗശൂന്യമായി. ഗ്രാമവാസികൾ ആശ്വാസം കണ്ടെത്തിയത് വീടിനു മുന്നിൽ സ്ഥാപിച്ച ആ നീല പൈപ്പിലായിരുന്നു. കേന്ദ്ര സർക്കാരിന്റെ "എല്ലാ വീട്ടിലും കുടിവെള്ളം" (ജൽ ജീവൻ മിഷൻ) എന്ന പദ്ധതി വലിയ പരസ്യങ്ങളോടെ നാട്ടിലെത്തിയപ്പോൾ, ഇനി തണ്ണീർപ്പന്തലുകൾ തേടി അലയേണ്ടി വരില്ലെന്ന് നാടൊട്ടുക്കും ജനങ്ങൾ കരുതി.
​മുറ്റത്ത് മീറ്ററും ടാപ്പും വന്നു. വെള്ളം വരുമെന്ന പ്രതീക്ഷയിൽ നീല ബാരലുകളും പ്ലാസ്റ്റിക് കാനുകളും ബക്കറ്റുകളും അവർ വരിവരിയായി നിരത്തിവെച്ചു. പക്ഷേ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ടാപ്പ് തുറന്നാൽ വരുന്നത് വെള്ളമല്ല, വെറും കാറ്റാണ്!
​എന്നാൽ, മാസാവസാനം കൃത്യമായി വീട്ടിലെത്തുന്നത് ഭീമമായ വാട്ടർ ബില്ലുകളാണ്. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും തരാത്ത അധികൃതർ, പൈപ്പിലൂടെ വന്ന വെറും കാറ്റിന്റെ അളവ് കണക്കാക്കിയാണ് അമിത തുകയുടെ ബില്ലുകൾ ഓരോ വീടുകളിലേക്കും അയച്ചു നൽകുന്നത്.
​പ്രധാനമന്ത്രിയുടെ കുടിവെള്ള പദ്ധതിയുടെ ലക്ഷ്യങ്ങളെ കാറ്റിൽപ്പറത്തി, പ്രാദേശിക ഭരണകൂടവും സർക്കാരും ചേർന്ന് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ടാപ്പ് തുറക്കുമ്പോൾ ശബ്ദത്തോടെ വരുന്ന കാറ്റിനും, മുറ്റത്ത് കാത്തുനിൽക്കുന്ന വറ്റിയ ബക്കറ്റുകൾക്കും മുന്നിൽ, ഉയർന്ന ബില്ലും കയ്യിൽ പിടിച്ച് നിൽക്കാൻ മാത്രമേ ആ പാവം മനുഷ്യർക്ക് കഴിയുന്നുള്ളൂ. കുടിവെള്ളം സ്വപ്നം മാത്രമായി ശേഷിക്കുമ്പോഴും, പൈപ്പിലൂടെ ഒഴുകാത്ത വെള്ളത്തിന് നികുതി പിരിക്കുന്ന രാഷ്ട്രീയ നാടകം നാടുനീളെ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933