10 August, 2026 10:02:03 AM
പേരൂരില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; പോലീസ് അന്വേഷണം ഊർജിതമാക്കി

ഏറ്റുമാനൂർ : ഏറ്റുമാനൂർ പേരൂരില്‍ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ തൊഴിലാളികളെ ആക്രമിച്ച് മോഷണം. കഴിഞ്ഞ ദിവസം രാത്രി പേരൂർ പൂവത്തുംമൂട് അരയിരംപടിക്കു സമീപത്തെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ചയാണു തൊഴിലാളികൾക്കു പണിക്കൂലി കിട്ടുന്നത്. ഇത് അറിയാവുന്നവരാണു കവർച്ചയ്ക്കു പിന്നിലെന്നാണു പൊലീസ് നിഗമനം. ലഹരിസംഘങ്ങൾ, മറ്റ് അതിഥിത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
രാത്രി പന്ത്രണ്ടരയോടെ മാരകയുധങ്ങളുമായി എത്തിയ അക്രമികൾ ഒരു മണിക്കൂറോളമാണ് അഴിഞ്ഞാടിയത്. എതിർക്കാൻ ഒരുങ്ങിയവരുടെ നേരെ വടിവാൾ വീശി. തൊഴിലാളികളെ മർദിച്ച ശേഷം അക്രമികൾ പണം കൈക്കലാക്കി. ഹെൽമറ്റും മാസ്ക്കും ധരിച്ചെത്തിയ അക്രമികൾ വടിവാളുകൊണ്ട് മുറിവേൽപിച്ചും ഭീഷണിപ്പെടുത്തിയും എടിഎം പിൻ നമ്പറുകൾ തൊഴിലാളികളിൽ നിന്ന് എഴുതിവാങ്ങി. കവർച്ച അവസാനിക്കുന്നതുവരെ ഒരു സംഘം അക്രമികൾ ക്യാംപിന്റെ വിവിധ ഭാഗങ്ങളിൽ കാവൽ നിന്നു. നിരവധി മൊബൈൽ ഫോണുകൾ നഷ്ടമായെന്നാണു വിവരം.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളം സംസാരിക്കുന്നവരാണെന്നാണ് തൊഴിലാളികൾ പറഞ്ഞത്. അസം സ്വദേശിയും പൂവത്തുംമൂട്ടിലെ വ്യാപാരിയുമായ റഹ്മാൻ എന്നയാളെ മർദിച്ചു എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കി. കൂടാതെ മൂന്ന് പേരുടെയും എടിഎം കാർഡ് തട്ടിയെടുത്തതായും പണം പിൻവലിച്ചതായും തൊഴിലാളികൾ പറഞ്ഞു.





