19 September, 2026 07:42:56 PM
അതിരമ്പുഴ ലയാ ബാറിലെ കത്തിക്കുത്ത് കേസ്; ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവ്

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ ലയാ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുതുശ്ശേരി വീട്ടിൽ ബെന്നി സെബാസ്റ്റ്യന്റെ മകൻ സുബിൻ ബെന്നിയെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി II ജഡ്ജി സുഭാഷ്. S. ശിക്ഷിച്ചത്.
2019 ഒക്ടോബർ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിരമ്പുഴ ലയാ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് നടന്ന സംഘർഷത്തിലാണ് അജിത്തിന് കുത്തേറ്റത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന എ.ജെ. തോമസ്, നിർമ്മൽ ബോസ്, എ. അൻസാരി എന്നിവർ അന്വേഷണം നടത്തി. തുടർന്ന് രാജേഷ് സി.ആർ. കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 26 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർത്ഥ്, അഡ്വ. അഖിൽ എന്നിവർ ഹാജരായി.





