16 November, 2026 04:17:15 PM
സൗജന്യ വൈഫൈ ഉൾപ്പെടെ അയ്യപ്പന്മാർക്കായി സൗകര്യം ഒരുക്കി ഏറ്റുമാനൂർ നഗരസഭ

ഏറ്റുമാനൂർ: ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലകാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നുവെന്ന് നഗരസഭ ചെയര്മാന് ടോമി പുളിമാൻ തുണ്ടത്തില്. തീർത്ഥാടകരെ വരവേൽക്കുന്നതിനായി നഗരസഭ ഒരുങ്ങിക്കഴിഞ്ഞു. സർക്കാർ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമേ നഗരസഭ തലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. തീർത്ഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് താൽക്കാലിക അടിസ്ഥാനത്തിൽ ദിവസ വേതന തൊഴിലാളികളെ നിയോഗിച്ചു. കൂടാതെ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി ബിന്നുകളും ബോട്ടിൽ ബൂത്തുകളും ഒരുങ്ങിക്കഴിഞ്ഞു.
വിവിധ ഭാഷകളിൽ ബോധവത്ക്കരണങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനായി എൽഇഡി ഡിസ്പ്ലേ ബോർഡും വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കു ന്നതിനായി സന്ദേശബോർഡുകളും ദിശാ ബോർഡുകളും ഏർപ്പെടുത്തി.കുടിവെള്ള സ്രോതസ്സുകളിലെ ജലം പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേരുകയും ശുചിത്വം ഉറപ്പാക്കുന്നതിനും വിലവിവരം പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകുകയും ആരോഗ്യവിഭാഗം പരിശോധന നടത്തി പ്രവർത്തനങ്ങൾ ഉറപ്പാക്കിയും വരുന്നു.
24 മണിക്കൂറും മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിനായി ക്യാമ്പുകൾ സജ്ജമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. നഗരസഭയ്ക്ക് വേണ്ടി കൗണ്ടർ സജ്ജീകരിക്കുന്നതിനും മൊബൈൽ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കുകയും സൗജന്യ വൈഫൈ കണക്ഷൻ ഏർപ്പെടുത്തുകയും ചെയ്തു. ക്ഷേത്രത്തിന് പരിസരത്തുള്ള വഴി വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന യോഗ്യമാക്കി. കൂടാതെ തീർത്ഥാടകർക്ക് ഉള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്മാന് പറഞ്ഞു.




