31 October, 2026 09:39:11 AM


70@70: കേരളപ്പിറവി ദിനത്തിൽ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ 70 വയസ് തികഞ്ഞ 70 പേരെ ആദരിക്കും



ഏറ്റുമാനൂർ: കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ മുതിർന്ന 70 പേരെ ആദരിക്കും. 2026 നവംബർ ഒന്നിന്  70 വയസ്സും അതിനുമുകളിലും പ്രായവുമുള്ളവരെയാണ് ആദരിക്കുക.

ഞായറാഴ്ച രാവിലെ മുതൽ അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളുടെ ഭവനങ്ങളിൽ നേരിട്ടെത്തി ആദരവ് അർപ്പിക്കും. അസോസിയേഷൻ്റെ വനിതാകൂട്ടായ്മയായ സ്ത്രീശക്തിയുടെ ഭാരവാഹികളും ഒപ്പമുണ്ടാകും. മുതിർന്ന തലമുറയുടെ ജീവിതാനുഭവങ്ങളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും അംഗീകരിക്കുന്നതിനൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുകയാണ് പരിപാടിയുടെ ലക്ഷ്യം.

കേരളത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും പുതുതലമുറയിൽ മുതിർന്നവരോടുള്ള സ്നേഹവും ബഹുമാനവും വളർത്താനുമാണ് അസോസിയേഷൻ ശ്രമിക്കുന്നത്.

കേരളപ്പിറവി ആഘോഷത്തെ കേവലം ഒരു ദിനാചരണത്തിൽ ഒതുക്കാതെ, സാമൂഹിക ഐക്യവും പരസ്പര സ്നേഹവും ശക്തിപ്പെടുത്തുന്ന ഒന്നായി മാറ്റുക എന്നതാണ് ഈ പരിപാടിയിലൂടെ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് ബി.സുനിൽകുമാർ, സെക്രട്ടറി ജി. വിനോദ് കുമാർ, രക്ഷാധികാരി ദിനേശ് ആർ ഷേണായ് എന്നിവർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925