23 September, 2026 08:27:40 PM
അതിരമ്പുഴയിൽ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 3 പേര്‍ പിടിയിൽ

ഏറ്റുമാനൂർ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. 2026 സെപ്റ്റംബർ 20-ന് വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാതിക്കാരൻ 'ഭായി' എന്ന് വിളിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിലെ സ്റ്റെപ്പിൽ വച്ച് ഒന്നും രണ്ടും പ്രതികൾ ചേർന്ന് ആവലാതിക്കാരന്റെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് പ്രതികൾ ആവലാതിക്കാരന്റെ മുഖത്തും നെറ്റിയിലും പുറത്തും മർദിച്ചു. ഇതിനിടെ മൂന്നാം പ്രതി ഫോൺ കൈക്കലാക്കി ഓടിയപ്പോൾ യുവാവ് പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചു. ഈ സമയം മൂന്നാം പ്രതി യുവാവിന്റെ വലതുകൈയിൽ കടിച്ചതായും പരാതിയുണ്ട്. ആക്രമണത്തിൽ യുവാവിന്റെ വലതുകണ്ണിന് താഴെയും നെറ്റിയിലുമുള്ള അസ്ഥികൾക്ക് പൊട്ടലും കണ്ണിന് താഴെ മുറിവും സംഭവിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ആദർശ് മനോജ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കാപ്പ നിയമപ്രകാരം ഒപ്പിട്ടുവരുന്നയാളുമാണ്.





