02 November, 2026 02:20:45 PM


70@70: കേരളപ്പിറവി ദിനത്തിൽ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ 70 വയസ് തികഞ്ഞവരെ ആദരിച്ചു



ഏറ്റുമാനൂർ: കേരളത്തിന് 70 വയസ്സ് തികഞ്ഞ നവംബർ ഒന്നിന് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ മുതിർന്ന 70 വയസ് തികഞ്ഞ 70 പേരെ ആദരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. 2026 നവംബർ ഒന്നിന്  70 വയസ്സും അതിനുമുകളിലും പ്രായവുമുള്ളവരെയാണ് ആദരിക്കുന്നത്.


ഞായറാഴ്ച രാവിലെ മുതൽ അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളുടെ ഭവനങ്ങളിൽ നേരിട്ടെത്തിയാണ് ആദരവ് അർപ്പിച്ചത്. ഡോ. കെ. പി. ശശിധരൻ, ഭാര്യ ഡോ. കാന്തി ശശിധരൻ, അസോസിയേഷൻ സ്ഥാപകപ്രസിഡൻ്റ് എം.എസ്. മോഹൻദാസ് എന്നിവരെ അസോസിയേഷൻ പ്രസിഡൻ്റ് ബി.സുനിൽകുമാർ ആദ്യം പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വൈസ്  പ്രസിഡൻ്റ് ഇ.പി. സലിം എം.കെ. ചന്ദ്രികയെയും സെക്രട്ടറി ജി.വിനോദ് കുമാർ രത്നകുമാരി മോഹൻദാസിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

മുതിർന്ന തലമുറയുടെ ജീവിതാനുഭവങ്ങളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും അംഗീകരിക്കുന്നതിനൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുകയാണ് പരിപാടിയുടെ ലക്ഷ്യം.


കേരളത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും പുതുതലമുറയിൽ മുതിർന്നവരോടുള്ള സ്നേഹവും ബഹുമാനവും വളർത്താനുമാണ് അസോസിയേഷൻ ശ്രമിക്കുന്നത്.


കേരളപ്പിറവി ആഘോഷത്തെ കേവലം ഒരു ദിനാചരണത്തിൽ ഒതുക്കാതെ, സാമൂഹിക ഐക്യവും പരസ്പര സ്നേഹവും ശക്തിപ്പെടുത്തുന്ന ഒന്നായി മാറ്റുക എന്നതാണ് ഈ പരിപാടിയിലൂടെ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് ബി.സുനിൽകുമാർ പറഞ്ഞു.


സെക്രട്ടറി ജി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് ഈ.പി.സലിം, ജോയിൻ്റ് സെക്രട്ടറി എം.എസ്. അപ്പുകുട്ടൻ നായർ, പി.ജെ. ചാക്കോ, ഡോ. ഗീതാ പ്രദീപ്, ഹരീഷ് ആർ നായർ എന്നിവർ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306