09 June, 2025 03:27:01 PM


രാജ്ഭവനിലെ ഭാരതാംബ ചിത്രം: സിപിഐ പ്രതിഷേധിച്ചു



ഏറ്റുമാനൂർ: സംസ്ഥാന കൃഷി വകുപ്പ് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ ആർ.എസ്.എസ്. ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് ഏറ്റുമാനൂരിൽ സിപിഐ
ബ്രാഞ്ചുകളിൽ പ്രതിഷേധം ശക്തമായി. മാടപ്പാട് ബ്രാഞ്ചിൽ നടന്ന പ്രതിഷേധ യോഗം ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയ്ക്ക് പാർലമെൻ്റോ കേന്ദ്രസർക്കാരോ രൂപകല്പന ചെയ്ത ഒരു ഔദ്യോഗിക ലോഗോയോ, ചിത്രമോ ഇല്ല. രാജ്ഭവനിൽ ഗവർണർ പുഷ്പാർച്ചനയ്ക്കായി തയ്യാറാക്കിയ ചിത്രം ആർ.എസ്.എസ്. അവരുടെ രാഷ്ട്രീയ അജണ്ടയുടെ
ഭാഗമായി ഉപയോഗിക്കുന്നതാണെന്നും അതിന് ഔദ്യോഗിക സ്വഭാവമില്ലെന്നും ചിത്രത്തിലെ കാവി പതാക ആർ. എസ്. എസ്. പതാകയാണെന്നും പ്രശാന്ത് രാജൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി വൃക്ഷ തൈ നടണമെന്ന് ആഹ്വാനം നൽകിയിരുന്നു.

സിപിഐ ബ്രാഞ്ച് സെക്രട്ടറി ടി.ഡി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ചിലെ മുതിർന്ന അംഗം ബേബി ചൂരപ്പുഴ വൃക്ഷതൈ നട്ടു. ഇസ്കഫ് സംസ്ഥാന ട്രഷറർ റോജൻ ജോസ്, ജില്ലാ പ്രസിഡൻ്റ് പി.എസ്.രവീന്ദ്രനാഥ്, സിപിഐ ലോക്കൽ കമ്മറ്റി അംഗം മണി നാരായണൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് അസി: സെക്രട്ടറി തോമസ് സി.പി, ബ്രാഞ്ചിലെ പാർട്ടി അംഗങ്ങളായ പി.ജി. നാരായണൻ നായർ, ഇ.ആർ. പ്രകാശ്, ബിന്ദു കെ.റ്റി., ബിന്ദു മോൾ സ്റ്റീഫൻ, സിജു.കെ.പി., മാത്തച്ചൻ പേമലയിൽ, അനന്ദു എൻ പ്രകാശ്, രാജേഷ് രാജൻ, ഇസ്കഫ് പ്രവർത്തകരായ അഭിരാമിരാജ്, അഗ്നിവേശ് രാജ്, സൂര്യനാരായൺ, പാർട്ടി പി.സുകുമാരൻ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K